തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൂടാതെ അന്വേഷണത്തിനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും. ക്രൈംബ്രാഞ്ച് മേധാവിയാകും നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. എല്ലാ ജില്ലകളിലും രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നിര്‍ദേശമുണ്ട്. ജില്ലകളിലെ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി നിശ്ചയിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ ലഭിച്ചത് 1400 ഓളം പരാതികളാണ്. ഇടുക്കിയിലെ മറയൂരിലും കാന്തല്ലൂരിലും അഞ്ഞൂറിലേറെ സ്ത്രീകള്‍ പകുതി വില തട്ടിപ്പിനിരയായി. 160 പരാതികളാണ് മറയൂര്‍ സ്റ്റേഷനില്‍ ലഭിച്ചത്. തോട്ടം തൊഴിലാളികളും സ്‌കൂട്ടര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇടുക്കിയില്‍ 62 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തട്ടിപ്പിലൂടെ കിട്ടിയ കോടികളില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് വാരിക്കോരി സംഭാവന നല്‍കിയിരുന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കി. ഭൂമിയും വാഹനങ്ങളും വാങ്ങി. ആഡംബര ജീവിതം നയിച്ചും പണം ചെലവഴിച്ചു. അക്കൗണ്ടുകളില്‍ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി.