
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ചൊവാഴ്ച ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇനിയും 174 പേരെക്കൂടി കണ്ടെത്തേണ്ടതുണ്ട്.
ചൊവ്വാഴ്ച കണ്ടെടുത്ത ആറ് മൃതദേഹങ്ങളിൽ നാലെണ്ണം റെയ്‌നി ഗ്രാമത്തിലെ ഋഷി ഗംഗ പവർ പ്രോജക്ട് സൈറ്റിൽ നിന്നാണെന്നും ഒന്ന് ചമോലിയിൽ നിന്നാണെന്നും മറ്റൊന്ന് നന്ദപ്രയാഗിൽ നിന്നാണെന്നും ഡിഐജി ഗർവാൾ നീരു ഗാർഗ് പറഞ്ഞു. രണ്ട് മൃതദേഹങ്ങൾ വൈദ്യുത നിലയത്തിൽ വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥരുടേതാണെന്നും അവർ പറഞ്ഞു. തപോവന്‍ തുരങ്കത്തില്‍ മാത്രം 30-35 പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐടിബിപി, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പൊലീസ്, സൈന്യം എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

