ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. 2016-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോര്‍ഡ് നല്കിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉളളതെന്ന് കാനം പറഞ്ഞു. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സത്യവാങ്മൂലം മാറ്റണമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. സത്യവാങ്മൂലത്തിന്റെ പേരിലാണ് പ്രശ്നമുണ്ടായതെന്ന വാദം നിരര്‍ത്ഥകമാണ്. ശബരിമലയുടെ പേരില്‍ യുഡിഎഫ് ആളുകളെ പറ്റിക്കുകയാണെന്നും കാനം പറഞ്ഞു.
സുപ്രീം കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതാണ് ശബരിമല വിഷയം. ഞങ്ങള്‍ എന്തായാലും അതിന്റെ പിന്നാലെയൊന്നും പോകാന്‍ പോകുന്നില്ല. ശബരിമല സമരമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവ വിഷയമായത് എങ്കില്‍ സമരം ചെയ്ത, ബി.ജെ.പിക്കാര്‍ അല്ലേ ജയിക്കേണ്ടത്. അവര്‍ ജയിച്ചില്ലല്ലോയെന്നും കാനം ചോദിയ്ക്കുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന യു.ഡി.എഫ്. നിലപാടിനോട് അവര്‍ അധികാരത്തില്‍ വരുമെങ്കില്‍ എന്ത് നിയമം വേണമെങ്കിലും കൊണ്ടുവരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ‘സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ സംസ്ഥാന നിയമസഭ ഒരു നിയമം കൊണ്ടുവരും എന്നു പറഞ്ഞാല്‍ നമ്മുടെ നിയമനിര്‍മാണ ചരിത്രത്തെ കുറിച്ച് സാമാന്യധാരണയുള്ളവര്‍ ആരും വിശ്വസിക്കില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഈ ബദല്‍ നിയമം ഒന്നും കേരളത്തിലെ ജനങ്ങള്‍ ഗൗരവത്തോടെ എടുക്കില്ല. അവര്‍ അധികാരത്തില്‍ വന്നാലും ഇതൊന്നും നടക്കില്ലെന്ന കാര്യത്തില്‍, സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ഒരു നടപടി ഉണ്ടാകില്ലെന്ന കാര്യത്തില്‍ സാമാന്യജനങ്ങള്‍ക്ക് ബോധ്യമുണ്ട്.’
ശബരിമല;ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്;കാനം രാജേന്ദ്രന്

