kerala Kerala kerala politics

ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്; ഗോപാലകൃഷ്ണനും ജയതിലകിനുമെതിരെ എന്‍ പ്രശാന്ത്

ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്. ഗോപാലകൃഷ്ണനും ജയതിലകിനും എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത്.

ഇതോടെ മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണനെ സംശയ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് പ്രശാന്ത്. സ്വയം കുസൃതി ഒപ്പിച്ചു പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരില്‍ കൂടി വരുന്നു എന്ന് പരിഹസിച്ച പ്രശാന്ത് എസ്സി, എസ്ടി വകുപ്പിലെ തനിക്കെതിരായ വാര്‍ത്തയ്ക്ക് പിന്നില്‍ ജയതിലകാണെന്നും ആരോപണമുന്നയിച്ചു.

ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങിനെ ചോരുന്നു എന്ന ചോദ്യത്തിന്

മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്ത രോഗി ജയതിലക് തന്നെ എന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

പ്രശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

വായന നല്ലതാണ്. എന്നാല്‍ എന്ത് വായിക്കുന്നു എന്നതാണ് കൂടുതല്‍ പ്രധാനം. ദുഷ്ടബുദ്ധികളും, മാനുഷിക മൂല്യങ്ങളില്ലാത്തവരും, പ്രൊഫഷനലിസം ഇല്ലാത്തവരും, സഹജീവികളോട് അനുകമ്പയില്ലാത്തവരും, നുണപറയാന്‍ മടിയില്ലാത്തവരും, ക്രിമിനലുകളായും മാറാന്‍ മനസ്സിനെ ദുഷിപ്പിക്കുന്നവ വായിച്ചാല്‍ മതി. തെറ്റായ വിവരങ്ങള്‍ നിരന്തരം വായിക്കുന്നവര്‍ക്ക് ലോകത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാട് ഉണ്ടായി വരും. വളര്‍ന്ന് വരുന്ന കുട്ടികളുള്ള വീടുകളില്‍ എന്ത് കൊണ്ട് ‘മാതൃഭൂമി’ വാങ്ങരുതെന്ന് വിശദീകരിക്കുന്ന ഒരു ക്ഷേത്ര പ്രഭാഷണം കേട്ടത് ഓര്‍ക്കുന്നു. കുഞ്ഞുങ്ങളെയും കൗമാരക്കാരെയും മൂല്യച്യുതിയുടെ പടുകുഴിയിലേക്ക് തള്ളി വിടുന്ന അധഃപതനത്തിന്റെ സാമ്പിള്‍ ഇന്നത്തെ അവരുടെ ഫ്രണ്ട് പേജില്‍ തന്നെ ഉണ്ട്. മാതൃഭൂമി പത്രം, ‘ഇന്നത്തെ വ്യാജമല്ലാത്ത വാര്‍ത്തകള്‍’ എന്നൊരു കോളം തുടങ്ങുന്നത് നന്നായിരിക്കും. വളരെ ചെറുത് മതിയാവും.
പറഞ്ഞുവരുന്നത് ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജില്‍ വന്ന സ്ഫോടനാത്മകമായ ഒരു വാര്‍ത്തയെപ്പറ്റിയാണ്. എസ് സി എസ്ടി വകുപ്പിനു കീഴിലെ ‘ഉന്നതി’യുമായി ബന്ധപ്പെട്ട കുറേ ഫയലുകള്‍ കാണ്‍മാനില്ലെന്നും എന്‍. പ്രശാന്ത് ചുമതല വഹിച്ചപ്പോള്‍ അവിടെ എന്തൊക്കെയോ ഗുരുതര വീഴ്ചകളുണ്ടായെന്നുമൊക്കെയാണ് വാര്‍ത്ത. അകത്തെ പേജില്‍, കാണാതായ ‘സുപ്രധാന’ ഫയലുകള്‍ ഏതൊക്കെയെന്ന് അക്കമിട്ട് പറഞ്ഞിട്ടുണ്ട്. ആ ലിസ്റ്റ് നോക്കിയപ്പോള്‍ എനിക്ക് എന്നെത്തന്നെ തോളില്‍തട്ടി അഭിനന്ദിക്കാന്‍ തോന്നി. ഒരു വര്‍ഷത്തിനുള്ളില്‍ നമ്മുടെ ടീം ഇത്രയേറെ കാര്യങ്ങള്‍ ഈ കൂട്ടായ്മയില്‍ ചെയ്തല്ലൊ! ഒരു രൂപാ ചെലവാക്കിയോ, ഒരു ജീവനക്കാരനെ പോലും നിയമിക്കാതെയും, ഫയല്‍ കൂമ്പാരം കൂട്ടാതെയാണ് ഇതൊക്കെ ചെയ്തത്. അന്ന് ഇതൊന്നും കാണാത്തഭാവത്തില്‍ നിന്നവരാണ് ഇപ്പോള്‍ സര്‍ക്കാരിന്റേയും ആ വകുപ്പിന്റെ നേട്ടങ്ങളുടേയും പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. സന്തോഷായി ഗോപിയേട്ടാ…
ഇനി വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങളുടെ യഥാര്‍ഥ വസ്തുതയെപ്പറ്റി പറയാം.
എസ്സി എസ്ടി വികസന വകുപ്പ് മന്ത്രി ചെയര്‍മാനും സ്പെഷ്യല്‍ സെക്രട്ടറി സിഇഒയും ആയിട്ടാണ് ‘ഉന്നതി'(കേരള എമ്പവര്‍മെന്റ് സൊസൈറ്റി) ആരംഭിക്കുന്നത്. രൂപീകരണ സമയത്ത് യഥാക്രമം ഈ സ്ഥാനങ്ങള്‍ വഹിച്ചിരുന്നത് ബഹുമാന്യനായ ശ്രീ. കെ. രാധാകൃഷ്ണന്‍ അവര്‍കളും ഞാനുമാണ്. അന്നത്തെ ബഹുമാന്യയായ ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മ്മുവാണ് ‘ഉന്നതി’ ഉല്‍ഘാടനം ചെയ്തത്. കഴിഞ്ഞ മാര്‍ച്ച മാസം എനിക്ക് സ്ഥാനമാറ്റമുണ്ടായപ്പോള്‍ അന്നത്തെ ചെയര്‍മാനും മന്ത്രിയുമായിരുന്ന ശ്രീ. കെ. രാധാകൃഷ്ണന് ഉന്നതിയുടെ എല്ലാ രേഖകളും ഫയലുകളും ഒദ്യോഗികമായി കൈമാറിയിരുന്നു. ഇന്ന് രാവിലെ ഈ വാര്‍ത്ത കണ്ടശേഷം അദ്ദേഹത്തെ വിളിച്ച് ഞാന്‍ സംസാരിച്ചു. അദ്ദേഹത്തില്‍നിന്ന് പ്രസ്തുത രേഖകള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍ രേഖാമൂലം ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നതും അദ്ദേഹം ഓര്‍ത്ത് പറഞ്ഞു. മാസങ്ങള്‍ മുമ്പത്തെ കാര്യമാണ്. അദ്ദേഹം അത് ഓര്‍ത്തെടുത്തത് ആശ്വാസം!
കാലം കടന്ന് പോയി. ശ്രീ. കെ. രാധാകൃഷ്ണന്‍ പാര്‍ലമന്റ് അംഗമായി. ഞാന്‍ കൃഷിവകുപ്പിലായി. എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. ഗോപാലകൃഷ്ണന്‍ ഐഎഎസ്, എസ് സി വികസന വകുപ്പില്‍ നിന്നു മാറി ഇന്‍ഡ്സ്ട്രീസ് ഡയറക്ടറായി. ഡോ. ജയതിലക് ഐഎഎസ് ഫിനാന്‍സ് വകുപ്പിലേക്ക് മാറിയിട്ട് മാസങ്ങളുമായി. 2024 അവസാനിക്കാറുമായി. അപ്പോഴാണ് പാര്‍ശ്വവല്‍കൃതരുടെ ക്ഷേമത്തില്‍ തല്‍പരരായ മാതൃഭൂമിയുടെ ബ്രേക്കിംഗ് ന്യൂസ്: ഉന്നതിയുടെ ‘സുപ്രധാന’ രേഖകള്‍ കിട്ടാതെ ഡോ. ജയതിലകും ശ്രീ. ഗോപാലകൃഷ്ണനും ഇന്നും അലയുകയാണത്രേ. മാതൃഭൂമിയും വകുപ്പ് മാറിപ്പോയ സുഹൃത്തുക്കളും വിലപിടിപ്പുള്ള രേഖകള്‍ തപ്പുകയാണ് സുഹൃത്തുക്കളേ, തപ്പുകയാണ്!
വായനക്കാര്‍ വിചാരിക്കും, കോടികളുടെ തട്ടിപ്പ് നടത്തിയ രേഖകള്‍ എന്തൊക്കെയോ ഞാന്‍ മുക്കിയെന്ന്. എന്നോടോ, കെ. രാധാകൃഷ്ണന്‍ സാറിനോടോ ഇതേപ്പറ്റി ഒരു വാക്ക് ചോദിച്ചിട്ടില്ല. അത്തരമൊരു മാന്യത പ്രതീക്ഷിക്കാന്‍ പാടില്ലെന്നറിയാം. ചോദിച്ചാല്‍ ചിലപ്പോള്‍ വാര്‍ത്ത ‘ശൂ’ ആയിപ്പോകുകയും തങ്ങളുടെ ഉദ്ദേശ്യലക്ഷ്യം നടക്കാതെപോകുകയും ചെയ്യുമെന്ന് ബോധ്യമുള്ളതിനാല്‍ ചോദിക്കില്ലെന്നതാണല്ലോ ഇപ്പോഴത്തെ ‘പാരമ്പര്യം’. മാധ്യമങ്ങളെ മാത്രം കുറ്റം പറയുന്നില്ല. സ്വയം കുസൃതികള്‍ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരില്‍ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ‘ഉന്നതി’ ചെയര്‍മാനും എനിക്കും കാര്യങ്ങള്‍ ഓര്‍മ്മയുണ്ടെങ്കിലും മറ്റ് ചിലരുടെ ഓര്‍മ്മശക്തി ആരോ ‘ഹാക്ക്’ ചെയ്തതാണോ എന്നൊരു സംശയം! ‘മെറ്റ’ക്കൊരു കത്തയച്ചാലോ?
ഉന്നതി എന്താണെന്ന് മാതൃഭൂമി പറഞ്ഞില്ലെങ്കിലും അതേപ്പറ്റി രണ്ടുവാക്ക് പറയാന്‍ ഈ അവസരത്തില്‍ നിങ്ങളെന്നെ അനുവദിക്കണം.
കംപാഷണേറ്റ് കോഴിക്കോട് മോഡലില്‍ സീറോ സ്റ്റാഫിംഗ് ആന്‍ഡ് സീറോ ബജറ്റില്‍ ഒരു ജീവനക്കാരനെപ്പോലും നിയമിക്കാതെയും സര്‍ക്കാറിന്റെ ഒരു പൈസപോലും ചെലവാക്കാതെയും പേപ്പര്‍ലെസ്സായി, സന്നദ്ധപ്രവര്‍ത്തനത്തിലൂടെ മാത്രം പ്രവര്‍ത്തിക്കുന്ന മോഡലാണ് ‘ഉന്നതി’ (കേരള എമ്പവര്‍മെന്റ് സൊസൈറ്റി). ഈ മോഡലിനെ ഐഐഎം ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ വിദഗ്ദ്ധര്‍ പ്രശംസിച്ചിട്ടുണ്ട്. ബജറ്റില്‍ ഒരു കോടി ഉണ്ടായിട്ടും ഒരു രൂപ പോലും റിലീസ് കിട്ടാതിരുന്നപ്പോള്‍ ഉത്ഭവിച്ച മോഡലാണ്! വിശ്വാസം വരുന്നില്ലല്ലേ? അങ്ങനെ ചിലതും ഇവിടെ നടക്കുന്നുണ്ട്. നിങ്ങള്‍ അറിയാത്തത് ഇവരാരും അതറിയിക്കാന്‍ താല്‍പര്യപ്പെടാത്തതിനാലാണ്. പക്ഷേ, ഒരു വര്‍ഷത്തോളം സന്നദ്ധപ്രവര്‍ത്തകരിലൂടെയും ടിഐഎസ്എസ്, ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ ഇന്റേണ്‍സിനെയും കൂട്ടി ചെയ്തുതീര്‍ത്ത കാര്യങ്ങളുടെ പട്ടിക മാതൃഭൂമിതന്നെ അബദ്ധത്തില്‍ ഇന്ന് അച്ചടിച്ചു വച്ചിട്ടുണ്ട്. ഇതിന്റെയൊന്നും ഫയല്‍ കൈമാറിയില്ലെന്നാണ് ആരോപണമെങ്കിലും ചിലപ്പോഴൊക്കെ ഉര്‍വ്വശീശാപം ഉപകാരമാകുമല്ലോ. ഒറ്റ രൂപയുടെ പണമിടപാട് നടക്കാത്ത സംവിധാനത്തിലെ ‘വിലപ്പെട്ട’ ഫയലുകളാണ് സുഹൃത്തുക്കളേ കാണാതായതായി പറയപ്പെടുന്നത്.
മാര്‍ച്ച് മാസത്തില്‍ ഇതേ വ്യാജവാര്‍ത്താ ഫാക്ടറി എനിക്കെതിരെ ഉല്‍പാദിപ്പിച്ചുവിട്ട വാര്‍ത്ത ഓര്‍ക്കുന്നുണ്ടാവും. ഏതായാലും, തുടര്‍ച്ചയായി ഇങ്ങനെ വാര്‍ത്ത പടച്ചോണ്ടിരിക്കുന്നവര്‍ക്ക് ഫ്രീ ആയി കുറച്ച് ഉപദേശം തരാം:
1) വ്യാജവാര്‍ത്ത നല്‍കിയും വിരട്ടിയും എന്നെ നിങ്ങളുടെ ലൈനില്‍ കൊണ്ടുവരാമെന്ന് ധരിക്കുന്നത് മണ്ടത്തരമാണ്; വെറുതേ എന്റെയും നിങ്ങളുടേയും സമയം മെനക്കെടുത്താമെന്നേയുള്ളു.
2) നിര്‍ഭയമായി ഫയല്‍ നോട്ടെഴുതാന്‍ ഒരുദ്യോഗസ്ഥന് അവകാശമുണ്ട്. മേലുദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വേണ്ടത് എഴുതിക്കൊടുക്കാനല്ല പോളിസി തലത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ശമ്പളം പറ്റുന്നത്. കൈകാര്യം ചെയ്യുന്ന വിഷയം പഠിച്ച്, സ്വന്തം ബുദ്ധിയും സമയവും ചെലവാക്കി ഫയലില്‍ ‘വിലപിടിപ്പുള്ള’ അഭിപ്രായം രേഖപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശമ്പളംതരുന്നത്. അത് ഇടയ്ക്കും വഴിക്കുമൊക്കെ ഓര്‍ക്കണം.
3) എന്റെ ഫയല്‍ നോട്ടിനെ ഭയക്കുന്നതിനു പകരം, വിഷയം കൂടുതല്‍ പഠിച്ച്, അത് overrule ചെയ്യാന്‍ ധൈര്യം കാണിക്കുക. ഒളിഞ്ഞിരുന്ന്, മഞ്ഞപ്പത്രത്തെ കൂട്ടുപിടിച്ച് വിരട്ടാന്‍ ശ്രമിച്ച് അവരെക്കാളും തരം താഴാതിരിക്കുക.
4) എന്റെ കയ്യിലൂടെ കടന്നുപോയ ഫയലുകളില്‍ ഞാന്‍ കണ്ടതൊന്നും പൊതുജനമധ്യത്തില്‍ ചര്‍ച്ചയ്ക്കുവയ്ക്കാതെ ഫയലില്‍ മാന്യമായി അഭിപ്രായം രേഖപ്പെടുത്തുക എന്ന professionalism കാണിക്കാന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടുണ്ട്. ഭാഗ്യവശാല്‍ കേരളത്തില്‍ നിയമവും കോടതിയും ഇന്നും ശക്തമായതിനാല്‍ ആശ്വാസവുമുണ്ട്. ഈ നോട്ടുകള്‍ എന്നെങ്കിലും കോടതിയില്‍ എത്തും എന്ന് എല്ലാവര്‍ക്കും അറിയാം. കുറിപ്പിനെ ഭയന്ന്, ഫയല്‍ റൂട്ടിംഗ് ലംഘിച്ച്, സെക്രട്ടേറിയറ്റ് മാനുവലിനും ബിസിനസ് റൂളിനും വിരുദ്ധമായി, എന്നെ കാണിക്കാതെ ഫയല്‍ അയക്കണമെന്നുള്ള വിചിത്രമായ, നിയമവിരുദ്ധ ഉത്തരവുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊതുവേദിയില്‍ ‘പിറക്കാതെ പോയ ഫയലുണ്ണികള്‍’ എന്ന പേരില്‍ ചര്‍ച്ചക്കെടുക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കരുത്. ഞാന്‍ കൃഷിയില്‍ ശ്രദ്ധിക്കട്ടെ. I would like to leave it there.
5) എന്റെ ഒരു കുറിപ്പുപോലും മറികടക്കാനാവാത്തതുകൊണ്ട് അത്രയും ഫയലുകളിലെ തെറ്റായ തീരുമാനങ്ങളെ തിരുത്താന്‍ സാധിച്ചു എന്ന് ഞാന്‍ ആശ്വസിക്കുന്നു. അത് വാര്‍ത്തയാക്കാന്‍ ഞാനെന്തായാലും ആരുടേയും പുറകേ നടക്കില്ല.
6) തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്. ഇനി തിടമ്പിനും ആനയ്ക്കുമൊക്കെ പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ച് വാര്‍ത്തയാക്കണമെന്നുണ്ടെങ്കില്‍ ആയിക്കോളൂ.
കഴിഞ്ഞ ആഴ്ച, അതായത് 29.10.24 ന് എസ് സി- എസ് ടി വികസന വകുപ്പിന്റെ താത്കാലിക ചുമതല വീണ്ടും ഈയുള്ളവനിലേക്കുതന്നെ വന്നത് കേവലനിയോഗം. അപകടം മണത്ത് ലീവ് ക്യാന്‍സല്‍ ചെയ്ത് ശ്രീ. പുനീത് കുമാര്‍ തിരിച്ചെത്തിയതിനാല്‍ എസ് സി – എസ് ടി വികസന വകൂപ്പിന്റെ താത്കാലിക ചുമതല എന്നില്‍നിന്ന് മാറുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ട് ഭയം വേണ്ട, ജാഗ്രത മതി!
മാതൃഭൂമിക്കെതിരെ ഞാന്‍ മുന്‍പ് കൊടുത്ത മാനഹാനിക്കേസ് ഓര്‍മ്മയുണ്ടല്ലോ. വനിതാ ജേര്‍ണ്ണലിസ്റ്റിനെ മുന്നില്‍ നിര്‍ത്തി കളിച്ച ‘ഓ യാ’ നാടകം അങ്ങനെയങ്ങ് മറക്കാന്‍ പറ്റില്ലല്ലോ. ആ കേസില്‍ പ്രതിയായി കൊടതി വരാന്തയില്‍ കുത്തിയിരിക്കുന്ന മാതൃഭൂമി എഡിറ്ററുടേയും സംഘത്തിന്റെയും ചിത്രം അന്ന് അധികമാരും കണ്ടില്ലെങ്കില്‍ ഇപ്പോള്‍ കണ്ടോളൂ, ഈ പോസ്റ്റിനൊപ്പമുണ്ട്. കുട്ടികള്‍ക്കോ മാന്യന്മാര്‍ക്ക് ആര്‍ക്കും തന്നെ വായിക്കാന്‍ കൊള്ളാത്ത നിലവാരത്തിലേക്ക് ആ പഴയ പത്രസ്ഥാപനം അധഃപതിച്ചു കഴിഞ്ഞു.
ആദ്യ കമന്റില്‍ ഈയിടെ വന്ന മറ്റൊരു വാര്‍ത്തകൂടി ചേര്‍ക്കുന്നു- മാനഹാനിയുണ്ടാക്കിയ വാര്‍ത്ത നല്‍കിയവര്‍ക്ക് തടവുശിക്ഷ. വ്യാജ വാര്‍ത്താ ഫാക്ടറിയായി പ്രവര്‍ത്തിക്കുന്ന മാതൃഭൂമിക്കാരുടെ ധൈര്യം അപാരം തന്നെ.
ഇത്രയും വായിച്ച സുഹൃത്തുക്കളോട് ഒരു ചെറിയ സന്തോഷംകൂടി പങ്ക് വെക്കട്ടെ. ”കളക്ടര്‍ ബ്രോ: ഇനി ഞാന്‍ തള്ളട്ടെ” (ഡിസി ബുക്സ്), ‘ലൈഫ് ബോയ്” (ഡിസി ബുക്സ്), ‘ബ്രോസ്വാമി കഥകള്‍” (ഒലിവ് പബ്ലിക്കേഷന്‍സ്) എന്നീ പുസ്തകങ്ങള്‍ക്ക് ശേഷം എന്റെ നാലാമത്തെ പുസ്തകം 2025ല്‍ പ്രസിദ്ധീകരിക്കുന്നു. ജോലിത്തിരക്കിനിടയിലും ഒന്നര വര്‍ഷത്തോളമായി ആദ്യ നോവലിന്റെ പണിപ്പുരയിലാണ്. ‘ബ്രോസ്വാമി കഥകളില്‍’ ഒന്നില്‍ നിങ്ങള്‍ പരിചയപ്പെട്ട സിദ്ധാര്‍ത്ഥ് തെമാഡി എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രധാന കഥാപാത്രമാണ്.
ബാക്കി കഥയില്‍. കഥയില്‍ ചോദ്യമില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!