കുന്ദമംഗലം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം വർണാഭമായ ചടങ്ങുകളോടെ ഭക്തിപൂർവ്വം നാടെങ്ങും ആഘോഷിച്ചു. കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടത്തി. ദഫ് മുട്ടിന്റെ അകമ്പടിയോടെ കുട്ടികളും മുതിർന്നവരും അണിനിരന്ന നബിദിന റാലി മസ്ജിദിന്റെ മുൻപിൽ നിന്നും ആരംഭിച്ച് കുന്ദമംഗലം ടൗൺ വഴി സുന്നി മദ്രസയിൽ സമാപിച്ചു. മധുര പാനീയങ്ങളും, പലഹാരങ്ങളും മിഠായികളും നൽകിയാണ് പലയിടങ്ങളിലും ഘോഷയാത്രയെ നാട്ടുകാർ സ്വീകരിച്ചത്.
മഹല്ല് പ്രസിഡന്റ് മുഹമ്മദാജി, സെക്രട്ടറി എം പി ആലി ഹാജി, മറ്റു നേതാക്കളായ പൊയിൽ അസീസ്, പൊയ്ക്കാട്ട് അഹമ്മദ് കുട്ടി, എം പി ഖാലിദ്, ഐ മുഹമ്മദ് കോയ, വി സി മുഹമ്മദ്, ചേരിക്കമ്മൽ മുഹമ്മദ്, എം പി മൂസ തുടങ്ങിയവർ നബിദിന റാലിക്ക് നേതൃത്വം വഹിച്ചു. 30 വർഷത്തിന് ശേഷം മഹല്ല് നിവാസികളെല്ലാവരും അണിനിരന്ന് സംയുകതമായി പരിപാടി സംഘടിപ്പിച്ചു എന്നതാണ് ഈ വർഷത്തെ നബിദിനാഘോഷത്തിന് ഇരട്ടി മധുരം നൽകിയത്.
മദ്രസയിൽ നടന്ന നബിദിനാഘോഷ പരിപാടികളിൽ വിദ്യാർത്ഥികളുടെ വിവിധ ഇനം മത്സരങ്ങൾ അരങ്ങേറി. നബിദിന സന്ദേശങ്ങൾ ഉൾകൊള്ളുന്ന പ്രഭാഷണവും ഗാനാലാപനവും നടന്നു. മഹല്ല് ഖത്തീബ് അബ്ദുൽ നൂർ സഖാഫി, മുഹമ്മദ് യാസീൻ നിസാമി എന്നിവർ പ്രഭാഷണം നടത്തി.