ജില്ലാ ഭരണകൂടത്തിന്റെ ക്‌ളീന്‍ ബീച്ച് മിഷന്റെ ഭാഗമായി ഭട്ട് റോഡ് ബീച്ച് പരിസരവും പാർക്കും ശുചീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും കോഴിക്കോട് കോർപ്പറേഷന്റേയും ഡി.ടി.പി.സി.യുടെയും നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തികള്‍ വരും ദിവസങ്ങളിലും തുടരും.
വിവിധ കോളേജുകളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ, ഭട്ട് റോഡ് പാർക്ക് കൂട്ടായ്മയിലെ അംഗങ്ങൾ, മലബാർ ക്രിസ്ത്യൻസ കോളേജിലെ എൻ.സി.സി. വിദ്യാർത്ഥികൾ , കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ , ഡി.ടി.പി.സി.ശുചീകരണ തൊഴിലാളികൾ എന്നിവർ ശുചീകരണ ദൗത്യത്തിൽ പങ്കുചേർന്നു. രാവിലെ 7.30 ന് ഭട്ട് റോഡ് പാർക്കിന്റെ മുൻഭാഗത്ത് നിന്ന് ആരംഭിച്ച ശുചീകരണം ഉച്ച വരെ തുടർന്നു.
ജില്ലാ കളക്ടർ എസ്. സാംബശിവ റാവു, ഡി.ടി.പി.സി.സെക്രട്ടറി ബീന.സി.പി, കോർപ്പറേഷൻ നികുതി അപ്പീൽകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ആശ ശശാങ്കൻ, എനർജി മാനേജ്മെൻറ് സെന്റർ ജില്ലാ കോർഡിനേറ്റർ ഡോ.എൻ.സിജേഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ റിഷാദ്.കെ. മലബാർ കൃസ്ത്യൻ കോളേജിലെ ഡോ.ഷീബ, ഭട്ട് റോഡ് കൂട്ടായ്മയുടെ ബഷീർ ,എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഷാഫി എന്നിവരുടെ നേതൃത്വത്തിൽ 250 ലേറെ വൊളണ്ടിയർമാരുടെ ശ്രമഫലമായ് പാർക്കിലെ കള വളർന്ന് ഭാഗങ്ങൾ പുല്ല് വെട്ടൽ യന്ത്രത്തിന്റെ സഹായത്തോടെ വെട്ടി മാറ്റി. ബീച്ചിലെ അജൈവ മാലിന്യങ്ങൾ ശുചീകരണത്തിലൂടെ നീക്കുകയും ചെയ്തു. ചിലയിടങ്ങൾ ലാൻഡ്സ്കേപ്പ് ചെയ്തു.
ക്ലീൻ ബീച്ച് മിഷന്റെ ഭാഗമായ് വിവിധ സ്പോൺസർമാരുടെ സഹായത്തോടെ ഭട്ട് റോഡ് ബീച്ചിൽ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനായ് ബിന്നുകൾ സ്ഥാപിക്കും. ഭട്ട് റോഡ് ബീച്ച് പാർക്ക് മികച്ച കൾച്ചറൽ ഹബ് ആക്കി മാറ്റുക ലക്ഷ്യമിട്ട് പദ്ധതികൾ ആവിഷ്കരിക്കും. ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിങ്ങിൽ വിശദമായ പദ്ധതിയുടെ സാധ്യത പരിശോധിക്കും.മാലിന്യ മുക്ത ബീച്ച് എന്ന ആശയത്തിലധിഷ്ടിതമായി ലഘുലേഘകൾ വിതരണം ചെയ്തു.