കോഴിക്കോട്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഈ മാസം 12ന് അന്തിമ തീരുമാനമെടുക്കും. മൂന്ന് പേരാണ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്.
ബിജെപി മേഖലാ പ്രസിഡന്റ് എൻ ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ എന്നിവരുടെ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്. അടുത്തിടെ പാർട്ടിയിലെത്തിയ അനിൽ ആന്റണിയെ പരിഗണിക്കണമെന്നും പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഈ മാസം 12ന് തൃശ്ശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുക.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതൽ അദ്ദേഹം മണ്ഡലത്തിൽ പ്രചാരണ രംഗത്ത് സജീവമായി. ഇടതുപക്ഷം സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. ജെയ്ക് സി തോമസിന്റെയും റെജി സഖറിയയുടെയും പേരുകളാണ് സിപിഐഎം പ്രധാനമായും പരിഗണിക്കുന്നത്.
സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിനായിരിക്കും. പുതുപ്പള്ളി ഉള്‍പ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 17 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ആഗസ്റ്റ് 18 ന് നാമനിര്‍ദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന നടക്കും. ആഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.