ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികള്‍ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.ഇടപ്പളളി- മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍ -എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കളക്ടർമാരോ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരോ ദേശീയപാതയിലെ കുഴി അടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയിരിക്കുന്നത്.ദേശിയ പാതയുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റക്കുറ്റപ്പണി ഒരാഴ്ചക്കുളളിൽ പൂർത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ദേശീയപാതയിലെ കുഴിയടക്കല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കുഴിയടക്കല്‍ അശാസ്ത്രിയമായ രീതിയിലാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പാക്കറ്റിലാക്കിയ ടാര്‍ മിക്‌സ് കൊണ്ടുവന്ന് കുഴികളില്‍ തട്ടി കൈകോട്ട് ഉപയോഗിച്ച് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതിഥി തൊഴിലാളികള്‍ മാത്രമാണ് ജോലിക്കായി ഉള്ളത്. കരാര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരോ ഉത്തരവാദിത്തത്തപ്പെട്ടവരോ ഇവരുടെ കൂടെ ഇല്ല. നിരന്തരം അപകടം നടക്കുന്ന മേഖലയാണെന്നും ഇത്തരത്തില്‍ ഒരു അറ്റകുറ്റപണി നടത്തിയിട്ട് കാര്യമില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.