ഇടുക്കി: രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്നും 42 പേർ മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . 78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.12 പേരെ ഇതിനകം രക്ഷപ്പെടുത്താനായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.
57 പേരടങ്ങുന്ന 2 NDRF ടീമും, ഫയർ &റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു