തോട്ടപ്പള്ളി കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലൂടെ പരിഹസിച്ച സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന് ഫെയ്സ്ബുക്കിലൂടെത്തന്നെ മറുപടി നൽകി എച്ച്.സലാം എംഎൽഎ.കടൽ ക്ഷോഭത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി എംഎൽഎ ഇടപെട്ട് മണലെടുപ്പ് തടഞ്ഞതാണ് തർക്കത്തിന് തുടക്കം. എംഎൽഎയുടെ ഇടപെടലിനെ ചിരിദിനത്തോട് ഉപമിച്ചായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എംഎല്‍എയുടെ നേതൃത്വത്തില്‍ മണലെടുപ്പ് തടഞ്ഞതിന്റെ പത്ര വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന്റെ പരിഹാസം. മേയിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരിദിനമെന്ന് അദ്ദേഹം കുറിച്ചു. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനെതിരെ മുമ്പ് ടി ജെ ആഞ്ചലോസിന്റെ നേതൃത്വത്തില്‍ സിപിഐ സമര രംഗത്തുണ്ടായിരുന്നു. മണലെടുപ്പിനെതിരെ സമരം ചെയ്തതിന് തനിക്കെതിരെ കേസെടുത്ത കാര്യവും ആഞ്ചലോസ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. എംഎല്‍എ ഉള്‍പ്പടെ എത്തി തടഞ്ഞിട്ടും കരിമണല്‍ ഖനനം തുടരുകയാണെന്ന് മറ്റൊരു പോസ്റ്റില്‍ അദ്ദേഹം പറയുന്നു. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറിയെ ട്രോളി എംഎൽഎയുടെ പോസ്റ്റെത്തി. മഹാനായ നേതാവിനോട് അനുവാദം ചോദിക്കാൻ കഴിഞ്ഞില്ല. ക്ഷമിക്കണേ സിംഹമേ എന്നുളളതായിരുന്നു മറുപടി. ഇതിന് പിന്നാലെ എംഎൽഎക്കെതിരെ എഐവൈഎഫും രംഗത്ത് വന്നു.