കോളറ പടര്‍ന്നു പിടിച്ച തമിഴ്നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലും അതീവജാഗ്രതാ നിര്‍ദ്ദേശം. തമിഴ്നാടിനോടുചേര്‍ന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകള്‍ക്കുപുറമേ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കര്‍ശന ജാഗ്രത പുലര്‍ത്താനാണ് നിര്‍ദ്ദേശം. കോളറ പടര്‍ന്ന സാഹചര്യത്തില്‍ പുതുച്ചേരിയിലും തമിഴ് നാട്ടിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാരയ്ക്കലില്‍ അതീവഗുരുതര സാഹചര്യമാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരാഴ്ചയ്ക്കിടെ ആയിരത്തി അഞ്ചൂറിനടുത്ത് ആളുകള്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.
വയറളിക്ക രോഗ പ്രതിരോധം ശക്തമാക്കുക, സാംപിള്‍ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചതാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൈക്കൊള്ളുക തുടങ്ങിയവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഒആര്‍എസ് ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. അവയുടെ വിതരണത്തിനായി ആരോഗ്യകേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കണം. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യക്തിശുചിത്വം, കൈകഴുകല്‍, തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം, ഒആര്‍എസ്, സിങ്ക് ഗുളിക എന്നിവയുടെ ഉപയോഗവും ഗുണവും തുടങ്ങിയവ ജനങ്ങളെ ബോധവത്കരിക്കണം. ആഹാരം അടച്ചുസൂക്ഷിക്കുക. പഴകിയ ആഹാരം കഴിക്കാതിരിക്കുക. പഴവും പച്ചക്കറിയും കഴുകി ഉപയോഗിക്കുക. അടുത്തപ്രദേശങ്ങളില്‍ കൂടുതല്‍പേര്‍ക്ക് ഒന്നിച്ച് വയറിളക്ക രോഗലക്ഷണം കാണുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് അറിയിച്ചു.