ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ബിനോയിയും പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിയും ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരി പ്രതികരിച്ചിട്ടില്ല. ക്രിമിനല്‍ കേസായതിനാല്‍ മറ്റ് വശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് കോടതി അറിയിച്ചു.
ബിനോയ് കോടിയേരിയാണ് കുട്ടിയുടെ അച്ഛനെന്ന് കാണിച്ച് ബിഹാര്‍ സ്വദേശിനിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനിടയിലാണ് കേസ് ഒത്തുതീര്‍പ്പാവുന്നത്.