Kerala News

ചെള്ളുപനി ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവം, പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

വര്‍ക്കലയില്‍ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളേജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കും. ചെറുന്നിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തമാക്കും. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചെള്ളുപനിയെപ്പറ്റി എല്ലാവര്‍ക്കും അവബോധമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.

നേരത്തെ കണ്ടെത്തിയാല്‍ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗര്‍ മൈറ്റുകളെ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും. രോഗം സ്ഥിരീകരിച്ചാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കണം.

പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം. പുല്‍ നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം. എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്. ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം. പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം. വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക. രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!