പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം വൈ നഗറില്‍ ബദരിയ മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്ത് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇവ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കി സിനിമാ നിര്‍മാതാവാണെന്ന വ്യാജേന ഇയാള്‍ തന്നെ തയാറാക്കിയ ഒരുബ്രോഷര്‍ അയച്ചു നല്‍കും. തുടര്‍ന്ന് അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷന്‍ നടത്താനാണെന്ന വ്യാജേന അധ്യാപകരെ കബളിപ്പിക്കുകയും, അവരില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ സ്വന്തമാക്കുകയും ചെയ്യും. പിന്നീടാണ് ഈ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വീഡിയോ കോളില്‍ വിളിക്കുകയും ഒരു രംഗം അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഇതുവഴിയാണ് യുവാവ് ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നതും.