കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ വീണ്ടും രാജി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാര്‍ട്ടി വിട്ടു. മോന്‍സ് ജോസഫ് എം.എല്‍.എയുടെ പാര്‍ട്ടിയിലെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് ഉരുളികുന്നം പ്രതികരിച്ചു.
മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. സജി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സജിയെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തു വരികയും ചെയ്തു. ജോസ് കെ മാണിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത മഞ്ഞക്കടമ്പില്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ച പി.ജെ. ജോസഫിനെ കാണില്ലെന്നും വ്യക്തമാക്കി.
സജിക്ക് വേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ആരെയും പിണക്കി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളും വ്യക്തമാക്കിയിരുന്നു.