പാലക്കാട് കൽമണ്ഡപത്തിൽ പട്ടാപകൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ ഒന്നാം പ്രതിയായ മുഹമ്മദ് അജീഷ് അറസ്റ്റിൽ വീട്ടമ്മയെ കെട്ടിയിട്ട് 57 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി.
കേസില്‍ നേരത്തെ പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാർ, റോബിൻ, പ്രദീപ് എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 13 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൽമണ്ഡപം പ്രതിഭാ നഗറിലെ അൻസാരിയുടെ വീട്ടിലാണ് സംഘം അതിക്രമിച്ചു കയറിയത്. ആ സമയത്ത് അൻസാരിയുടെ വീട്ടിൽ ഭാര്യ ഷെഫീന തനിച്ചായിരുന്നു. മുൻവശത്ത് പൂട്ടിയിട്ട വാതിൽ തുറന്ന് വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഷെഫീനയെ കത്തികാട്ടി ഭീഷണിപ്പെടുത്തി തുണി വായിൽ തിരുകി കയറുകൊണ്ടു ബന്ധിച്ചു.
തുടർന്ന് മുറിക്കുള്ളിൽ കയറി അലമാര തകർത്ത് ആഭരണങ്ങളും പണവുമായി വീട്ടിലെ ബൈക്കെടുത്ത് മുങ്ങുകയായിരുന്നു. കവർച്ച ചെയ്ത സ്വർണ്ണം 18,55,000/- രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ യാതൊരു തെളിവും ഇല്ലാതിരുന്ന കേസ്സിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണമാണ് കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞത്.