കൊവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയിൽ കേരളം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരത്തിന് മുകളിൽ പോയേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. അടുത്ത മൂന്നാഴ്‌ച കേരളത്തെ സംബന്ധിച്ച് നിർണായക ദിവസങ്ങളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുമെന്ന് ആശങ്കയുണ്ട്.
ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4553 പേർക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്. ഇന്നലെ 6.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചുശതമാനത്തിന് മുകളിൽ പോകുന്നത് രോഗവ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗ പകർച്ച ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രതിരോധം പരമാവധി കടുപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ ഉളളവർക്ക് ഉടൻ പരിശോധന നടത്തണം. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാൽ ആർ ടി പി സി ആർ പരിശോധനയും നടത്തണം. ആശുപത്രികളിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
രോഗവ്യാപനം കണ്ടെത്തിയാൽ ജില്ലാ ഭരണകൂടങ്ങൾക്ക് കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കാനുളള അനുമതിയും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസർ തുടങ്ങിയ കൊവിഡ് മാർനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.