മലപ്പുറം: യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കെതിരെയും സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കെതിരെയും പോലീസ് അകാരണമായി കേസെടുക്കുകയും സന്നദ്ധ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തതിനാല്‍ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത് പുന:രാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിക്കുകയും അദ്ദേഹം ഉന്നത പോലീസ് ഉദ്യോസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യുകയും, നേരത്തെ ഉണ്ടായ സംഭവങ്ങളില്‍ വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന ഉറപ്പു നല്‍കുകയു ചെയ്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
സംസ്ഥാന സെക്രട്ടറിയും വൈറ്റ് ഗാര്‍ഡ് കോര്‍ഡിനേറ്ററുമായ വി.വി മുഹമ്മദലിയോട് നാദാപുരം എസ്.ഐ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കും. വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണവും നടത്തും, എന്നാണ് തീരുമാനം.ആയതിനാല്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ നേരത്തെ എത്തിച്ച് നല്‍കിയ പദ്ധതി പുനരാരംഭിക്കുകയാണ്. മരുന്ന് ലഭിക്കാതെ ബുദ്ധി മുട്ടുന്നവര്‍ക്ക് ഇനി വൈറ്റ് ഗാര്‍ഡിന്റെ സേവനം ലഭ്യമാകും.
ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമായതിനാല്‍ രാഷ്ട്രീയ വൈരം ഈയവസരത്തില്‍ ഉപയോഗിക്കുന്നവരെ അവഗണിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എന്നിവര്‍ അറിയിച്ചു.

