കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമാണ് നടപടിയെടുക്കുക. ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുമായി ബന്ധപ്പെട്ടതിലൂടെ രണ്ട് പേര്‍ക്ക് കൊവിഡ്19 രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.
കൊറോണ ബാധിച്ച കുട്ടിയും അമ്മയും അച്ഛനും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷനില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ് നിലവില്‍ ആറ് പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കൊവിഡ്19 ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങിവന്നവരില്‍ ചിലര്‍ എയര്‍പോര്‍ട്ടിലോ ഹെല്‍ത്ത് ഡെസ്കിലോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് വയ്ക്കുന്നത് ഗുരുതര പ്രശ്നമാണ്. രോഗലക്ഷണങ്ങള്‍ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും ആരോഗ്യ ഉപദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നു. അവര്‍ അവരുടെ കുടുംബങ്ങളെ കാണുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് തങ്ങള്‍ക്കും കുടുംബത്തിനും സമൂഹത്തിനും അങ്ങേയറ്റം ദോഷകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരേയാണ് കര്‍ശനമായ നടപടികളെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.