ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണ്. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കും. ആവശ്യമെങ്കില്‍ എല്ലാവരോടും ആലോചിച്ച് പുതിയ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലടക്കം പാര്‍ട്ടിയെടുക്കുന്ന സമീപനം ജനങ്ങള്‍ സ്വീകരിയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ ജനങ്ങള്‍ക്ക് മേല്‍ ബലാത്ക്കാരമായി നടപ്പാക്കാന്‍ ശ്രമിക്കില്ല. ഇടത് സര്‍ക്കാരാണ് തുടര്‍ന്ന് അധികാരത്തില്‍ വരുന്നതെങ്കില്‍ ശബരിമലയിലെ വിധി എല്ലാവരുമായും സമവായത്തിലെത്തിയ ശേഷം മാത്രമാണ് നടപ്പാക്കുക. സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു
‘സുപ്രീം കോടതിയുടെ വിശാല ബെഞ്ച് ഇത് പരിശോധിക്കുമ്പോള്‍ ലഭിച്ച വിവിധ സത്യവാങ്മൂലങ്ങളെ ആ സ്പദമാക്കിത്തന്നെ അവര്‍ തീരുമാനത്തിലെത്തും. ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്കെല്ലാം അഭിപ്രായം പറയാമെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ ആ സമയത്താണ് അപ്പോള്‍ ഇവിടെയുള്ള സര്‍ക്കാരും മറ്റ് സംഘടനകളുമൊക്കെ ഏത് തരത്തിലുള്ള സത്യവാങ്മൂലം നല്‍കണമെന്ന കാര്യം വരിക. അത് അപ്പോള്‍ ആലോചിക്കേണ്ട കാര്യം മാത്രമാണ്. അപ്പോഴത്തെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം എന്ന സാഹചര്്യമാണ് ഉള്ളതെങ്കില്‍ സ്വാഭാവികമായും കൂടിയാലോചിച്ചാവും നല്‍കുക’, അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശബരിമല പ്രചരണായുധമാക്കാനുള്ള യുഡിഎഫ് തീരുമാനത്തിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്താന്‍ സിപിഐഎം തയ്യാറാണെന്ന സൂചനയുമായി എംഎ ബേബി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ വികാരമാണ് പ്രധാനമെന്നും ശബരിമല വിധി വന്നതിന് ശേഷം സംവാദത്തിനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്നും എസ് രാമചന്ദ്രന്‍ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.