റേഷന്‍ വ്യാപാരികള്‍ സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷന്‍ കടകള്‍ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതല്‍ നാളെ വൈകിട്ട് 5 മണി വരെയാണ് റേഷന്‍ കടകള്‍ അടഞ്ഞുകിടക്കുക. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിലാണ് റേഷന്‍ വ്യാപാരികള്‍ രാപ്പകല്‍ സമരം നടത്തുക.
കഴിഞ്ഞദിവസം മന്ത്രിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷന്‍ നല്‍കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ ടി പി ഡി എസ് അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രണ്ടുദിവസത്തെ സമരം.
സിഐടിയു നേതാവ് ടി പി രാമകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്യും. ഇന്നലെയും ശനിയാഴ്ചയും അവധി കാരണം റേഷന്‍ കടകള്‍ തുറന്നിരുന്നില്ല. ജൂലൈ മാസത്തെ റേഷന്‍ വിതരണവും ആരംഭിച്ചിട്ടില്ല.