മന്ത്രി സ്ഥാനത്തുനിന്നുള്ള സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റൊരു മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി അക്കാര്യം പിന്നീടു തീരുമാനിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെക്കാന്‍ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ സംഭവം ദൂരവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവെച്ചതോടെ ആ പ്രശ്നങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സജി ചെറിയാന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ വിഭജിക്കുമോയെന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയാണ് വകുപ്പുകള്‍ വിഭജിക്കേണ്ടതെന്നു കോടിയേരി മറുപടി നല്‍കി. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കു പാര്‍ട്ടി നിര്‍ദേശം നല്‍കി. സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമോയെന്ന ചോദ്യത്തിന്, പ്രതിപക്ഷം ഉന്നയിക്കുന്നതിന് അനുസരിച്ച് ആരെങ്കിലും എംഎല്‍എ സ്ഥാനം രാജിവച്ചിട്ടുണ്ടോ എന്നായിരുന്നു മറുപടി. ഇക്കാര്യങ്ങളില്‍ പാര്‍ട്ടിക്ക് നിലപാടുണ്ട്. അതനുസരിച്ചാണ് നടപടി എടുത്തിട്ടുള്ളത്.

