ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ശമ്പളം കൃത്യമായി നല്‍കുന്നത് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിലപാടു വ്യക്തമാക്കിയത്.
കെഎസ്ആര്‍ടിസിയുടെ ആസ്തിവിവരം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഉള്ള പൊതുഗതാഗതസംവിധാനങ്ങള്‍ നഷ്ടത്തില്‍ പോകുമ്പോള്‍ വരാനിരിക്കുന്നവയെ ജനം വിമര്‍ശിക്കുമെന്നും, അത് സാധാരണമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സിഎംഡിയുടെ കാര്യം തല്‍ക്കാലം പറയുന്നില്ലെന്നും ഭാവിയില്‍ അതും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ശമ്പളം കിട്ടാതെ ജീവനക്കാര്‍ക്ക് എങ്ങനെ ജീവിക്കാനാകും? ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? കെഎസ്ആര്‍ടിസി പോലെ ഇത്രയും പ്രശ്‌നങ്ങള്‍ ഉള്ള ഒരു സ്ഥാപനത്തില്‍ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു.
ഡീസലില്ലാതെ വണ്ടി ഓടുമോ എന്നു ചോദിച്ച കോടതി ശമ്പളം കൊടുക്കാതെ മനുഷ്യര്‍ ഓടുമോ എന്നും ചോദിച്ചു. ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നല്‍കണം. കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണം. പത്തുവര്‍ഷമായി കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്. ഇത്രയും വര്‍ഷം കോര്‍പ്പറേഷനു നേതൃത്വം നല്‍കിയത് ഐഎഎസുകാരുമാണ്. ലോണ്‍ തിരിച്ചടയ്ക്കാന്‍ എന്തെങ്കിലും മാര്‍ഗം വേണം. കെഎസ്ആര്‍ടിസിയുടെ വായ്പാ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേ പറ്റൂ എന്നും വ്യക്തമാക്കി. എങ്ങനെ ഇത്തരത്തില്‍ ഒരു കമ്പനി നടത്താന്‍ പറ്റുമെന്നു ചോദിച്ച കോടതി ബസുകള്‍ കൂടുതലും റോഡിലല്ല യാര്‍ഡിലാണുള്ളതെന്നു കുറ്റപ്പെടുത്തി.
പല ഡിപ്പോകളിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇപ്പോഴില്ല. എന്തുകൊണ്ടാണ് സ്വകാര്യ ബസ്സുകള്‍ ഇവിടെ നല്ല രീതിയില്‍ നിലനില്‍ക്കുന്നത്? കെഎസ്ആര്‍ടിസി ഓരോ സമയത്ത് ഓരോന്ന് കാട്ടിക്കൂട്ടുകയാണ്. ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു.