കുന്ദമംഗലം: മിനി സിവില്‍ സ്റ്റേഷന്‍ വിവിധ ഓഫീസുകള്‍ക്കായി പൂര്‍ണ്ണമായും വിട്ടു നല്‍കുന്നതിന് ചെയ്യേ അവസാന വട്ട പ്രവൃത്തികള്‍ സംബന്ധിച്ച് പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംയുക്ത പരിശോധന നടത്തി.
മിനി സിവില്‍സ്റ്റേഷന് പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച സാഹചര്യത്തില്‍ പ്രവേശന മാര്‍ഗ്ഗം തടസ്സപ്പെട്ട അവസ്ഥയിലാണുള്ളത്. ഇതിന് പരിഹാരമായി റവന്യു വകുപ്പിന്‍റെ അനുമതിയോടെ സബ് താലൂക്ക് ഓഫീസ് ഭാഗത്ത് പുതിയ പ്രവേശന മാര്‍ഗ്ഗവും ഗേറ്റും സ്ഥാപിക്കുന്നതിനും ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണഭിത്തികള്‍ കെട്ടുന്നതിനും തീരുമാനിച്ചു. ഈ പ്രവൃത്തികള്‍ക്ക് വേണ്ടിവരുന്ന തുക എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍
നിന്ന് നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡന്‍റ് പി. ശിവദാസന്‍ നായര്‍, മെമ്പര്‍ രാജീവ് പെരുമണ്‍പുറ, എല്‍.എസ്.ജി.ഡി സൂപ്രിംഗ് എഞ്ചിനീയര്‍ കെ.ജി സന്ദീപ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സീന അലക്സ്, പി.ഡബ്ല്യു.ഡി
സ്പെഷ്യല്‍ ബില്‍ഡിംഗ്സ് അസി. എക്സി. എഞ്ചിനീയര്‍ ഒ സുനിത,
അസി.എഞ്ചിനീയര്‍മാരായ പി. വിജയലക്ഷ്മി, സി റൂബി തുടങ്ങിയവര്‍ സംബന്ധിച്ചു.