താനൂർ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ്, മംമ്ത മോഹൻദാസ് തുടങ്ങിയവർ.
“മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്നതാണ്. ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു,”മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
“അജ്ഞതയ്‌ക്കൊപ്പം തികഞ്ഞ അശ്രദ്ധയും സുരക്ഷയെക്കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേരുമ്പോൾ.. നമുക്കൊരു താനൂർ ബോട്ട് അപകടം സംഭവിച്ചിരിക്കുന്നു. ജീവൻ നഷ്ടപ്പെട്ട ഇരകളെ ഓർത്ത് വേദന തോന്നുന്നു, കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതമാണ് ഈ ബോട്ടപകടം കവർന്നതെന്നു കേട്ടപ്പോൾ ഏറെ സങ്കടമുണ്ട്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ ബോട്ട് ഉടമ ഒളിവിൽ കഴിയുകയാണ്. ഇത് തികച്ചും പരിഹാസ്യമാണ്. യാത്രക്കാര കൊണ്ടുപോവാനുള്ള ലൈസൻസ് പോലുമില്ലായിരുന്നു ആ ബോട്ടിന്. രക്ഷാപ്രവർത്തനത്തിൽ ഇന്നലെ രാത്രി മുതൽ അക്ഷീണം പ്രയത്നിച്ച എല്ലാവരോടും ആദരവും സ്നേഹവും. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ഒന്നും മാറ്റമില്ലാതെ തുടരുന്നു. പോയവർക്ക് പോയി. ഇനി വല്ല മാറ്റവും റൂൾസും വരുമോ?,” മംമ്ത ചോദിക്കുന്നു. പൃഥ്വിരാജും ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.