മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍ത്തീരം ബീച്ചില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട സൈതലവിയുടെ ബന്ധുക്കളായ 12 പേരുടെയും കബറടക്കം തുടങ്ങി. ഓലപ്പീടികയിൽ കബറടക്കം പുരോഗമിക്കുകയാണ്. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബ വീട്ടിൽ ഒത്തുചേർന്നതായിരുന്നു ഇവർ.
സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവരൽത്തീരത്തേക്ക് പോകാൻ തീരുമാനിച്ചത്.
സൈതലവിയാണ് എല്ലാവരെയും കട്ടാങ്ങലിൽ എത്തിച്ചത്. ഒരു കാരണവശാലും ബോട്ടില്‍ കയറരുതെന്നു പറഞ്ഞിരുന്നു. വീട്ടിൽ തിരിച്ചെത്തി ഭാര്യയ്ക്ക് ഫോൺ ചെയ്തപ്പോൾ നിലവിളിയാണു കേട്ടത്. സംഭവസ്ഥലത്തേക്കു പാഞ്ഞെത്തിയെങ്കിലും പ്രിയപ്പെട്ടവരുടെ വേര്‍പാട് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു.
കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ, മകന്‍ ജരീർ, കുന്നുമ്മൽ സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്ന, സഫ്ന എന്നിവരാണ് മരിച്ചത്. പത്തു മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും മരിച്ചു. ഇനി കുടുംബത്തിൽ അവശേഷിക്കുന്നത് മാതാവും മൂന്ന് ആൺമക്കളും പിന്നെ പരുക്കേറ്റ സഹോദരിയും മക്കളും അടക്കം എട്ട് പേർ മാത്രം.