ആലപ്പുഴ ചേർത്തല താലൂക്ക് ആശുപത്രിയിലെ പേവിഷബാധ ചികിത്സയിൽ 14 കാരന്റെ ശരീരം തളർന്ന സംഭവത്തിൽ പ്രതികരണവുമായി ചേർത്തല എംഎൽഎയും മന്ത്രിയുമായ പി പ്രസാദ്. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും.
ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ കുറിച്ചും നേഴ്‌സുമാരെ കുറിച്ചും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടിയുടെ ശരീരം തളർന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും വിശദീകരണം തേടി.
ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നും പേവിഷബാധക്കെതിരെയുള്ള വാക്‌സിനെടുത്ത കരുവ സ്വദേശികളായ പ്രദീപ് അനിത ദമ്പതികളുടെ ഏക മകൻ കാർത്തിക്കിന്റെ ശരീരം തളർന്നു പോയ സംഭവത്തിലാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണം പുരുഗമിക്കുന്നത്.
ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ ,ന്യൂറോളജിസ്റ്റ് ഫിസിഷൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. ചേർത്തല ആശുപത്രി അധികൃതരെ കുറിച്ച് വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വീഴ്ച ഉണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.