ഇഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. ഇഡിയ്ക്കെതിരായ എഫ്ഐആര്‍ നിയമപരമായി നിലനിൽക്കുന്നത്. സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കും. മൊഴിപ്പകർപ്പ് മുദ്രവച്ച കവറിൽ കോടതിക്ക് നൽകാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അന്വേഷണത്തിനെതിരായ ഇഡി ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
സർക്കാരിന് വേണ്ടി മുൻ അഡിഷണൽ സൊലീസിറ്റെർ ജനറൽ ഹരിൻ പി റാവൽ ഹാജരായി. അന്വേഷണത്തിന്‍റെ മറവിൽ കേസുമായി ബന്ധമില്ലാത്തവർക്ക് എതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇഡിയ്ക്ക് അധികാരമില്ലെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു. കള്ളപ്പണ ഇടപാട് അന്വേഷണവുമായി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ബന്ധമില്ല. സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയെ കുറിച്ചാണ് അന്വേഷണം. ഇഡിക്കെതിരെ ഉയർന്ന ആരോപണം സത്യമാണെങ്കിൽ അത് ഗുരുതരമാണ്. ഒരു അന്വേഷണ ഏജൻസിക്കും വ്യാജ തെളിവ് ഉണ്ടാക്കാൻ അധികാരം ഇല്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.