കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യു.പിയിലെ 15 ജില്ലകള്‍ പൂര്‍ണ്ണമായി അടയ്ക്കാന്‍ തീരുമാനം. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ജില്ലകള്‍ പൂര്‍ണ്ണമായി അടയ്ക്കുക.
ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെയാണ് ജില്ലകള്‍ പൂര്‍ണമായും അടച്ചിടുക. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങരുതെന്നാണ് കര്‍ശന നിര്‍ദേശം. അവശ്യസാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പോലീസ് വീട്ടിലെത്തിച്ചു നല്‍കും. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്ന് ചീഫ് സെക്രട്ടറി ആര്‍.കെ തിവാരി അറിയിച്ചു.
തലസ്ഥാനമായ ലഖ്നൗ, ആഗ്ര, നോയിഡ, കാണ്‍പൂര്‍, മീററ്റ്, ഗൗതം ബുദ്ധനഗര്‍, ഫിറോസാബാദ്, ബറേലി, ഷാംലി, ഗാസിയാബാദ്, സഹരാന്‍പൂര്‍, വാരാണസി, ബുലന്ദ്ശ്വര്‍, മഹാരാജ്ഗന്‍ജ്, സീതാപൂര്‍, ബാസ്തി എന്നിവടങ്ങള്‍ പൂര്‍ണ്ണമായി അടയ്ക്കും.
നിലവില്‍ സംസ്ഥാനത്ത് 325 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരായ മൂന്ന് പേരാണ് ഇവിടെ മരിച്ചത്. 26 പേര്‍ക്ക് രോഗം ഭേദമായി

