കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിന്റെയും സുഹൃത്തായ സൈജു തങ്കച്ചന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. മുന്‍കൂര്‍ ജാമ്യമില്ല. എന്നാല്‍, കോഴിക്കോട് സ്വദേശിനിയായ ബിസിനസ് കണ്‍സള്‍ട്ടന്റ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്.കേസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതി പരിശോധിച്ചിരുന്നു.റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.കേസ് കെട്ടിച്ചമച്ചതാണെന്നും മോഡലുകളുടെ മരണം ഉണ്ടായപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങളാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. റോയ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
നമ്പര്‍ 18 പോക്‌സോ കേസ്;മൂന്നാം പ്രതി അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം,റോയ് വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും അപേക്ഷ തള്ളി

