കോഴിക്കോട്: നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ബോബി ഗ്രൂപ്പ് ചെയര്‍മാന്‍ ബോബി ചെമ്മണൂര്‍ പിടിയിലായത് സംസ്ഥാനം വിടാന്‍ ഒരുങ്ങുന്നതിനിടെ. തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ബോബി കര്‍ണാടകയിലേക്ക് പോകാന്‍ ഒരുങ്ങുന്നുവെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. സംസ്ഥാനം കടന്ന് നിയമനടപടികള്‍ വൈകിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണ് പൊലീസിന്റെ ഇടപെടലോടെ പോളിഞ്ഞതെന്നാണ് സൂചന.
ബുധനാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലേക്ക് പോകാനും ബോബി തയാറെടുത്തിരുന്നു. ബോബി സംസ്ഥാനം വിടാതിരിക്കാന്‍ ദ്രുതഗതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. എ.ഡി.ജി.പി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നു പിന്തുണ ലഭിക്കുമെന്ന് ഹണി റോസിന് ഉറപ്പു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് വിശദമായ പരാതി നല്‍കിയത്. പിന്നാലെ ബോബി സംസ്ഥാനം വിടാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പൊലീസ് ഓരോ നീക്കവും നടത്തിയത്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ബോബി ചെമ്മണൂര്‍ കൊച്ചിയിലെത്തി മുന്‍കൂര്‍ ജാമ്യം തേടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടി. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ഒളിവില്‍ പോകാനും ഇത് സുപ്രീംകോടതി വരെ നീളാനും സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് നടപടികള്‍ വേഗത്തിലായത്. കൊച്ചി പൊലീസും വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ബോബിയെ വയനാട്ടിലെ സ്വന്തം റിസോര്‍ട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പൊലീസ് വയനാട്ടിലെത്തുമെന്ന് ബോബിയോ അടുത്ത വൃത്തങ്ങളോ പ്രതീക്ഷിച്ചിരുന്നില്ല.
ഹണി റോസ് പരാതി നല്‍കിയതിനു പിന്നാലെ കഴിഞ്ഞ ദിവസം മാപ്പപേക്ഷയുമായി ബോബി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ മനഃപൂര്‍വം അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആളുകള്‍ അത്തരത്തില്‍ വ്യാഖ്യാനിച്ചതാണെന്നുമായിരുന്നു ബോബിയുടെ വാദം. എന്തെങ്കിലും മോശമായി അനുഭവപ്പെട്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ബോബി പറഞ്ഞിരുന്നു.