ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍. ടെസ്റ്റില്‍ നിന്നാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ മാത്രം ഭാഗമായിരുന്നു ക്ലാസന്‍.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഹെന്റിച്ച് ക്ലാസന്‍ അവസാന 4 വര്‍ഷത്തിനിടെ 4 ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചത്. ടെസ്റ്റില്‍ 104 റണ്‍സാണ് 32 കാരനായ താരത്തിന്റെ സമ്പാദ്യം. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അവസാനമായി കളിച്ചത്.
‘ഉറക്കമില്ലാത്ത പല രാത്രികള്‍ക്ക് ശേഷം, റെഡ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. തീരുമാനമെടുക്കാന്‍ എടുക്കാന്‍ വളരെ ബുദ്ധിമുട്ടി, ഗെയിമില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട ഫോര്‍മാറ്റാണ്’-ക്ലാസന്‍ പറഞ്ഞു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ക്ലാസെന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് തുടരും. 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ക്ലാസന്‍ 46 ശരാശരിയില്‍ 5347 റണ്‍സ് നേടിയിട്ടുണ്ട്. കരിയറില്‍ 12 സെഞ്ച്വറികളും 24 അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

