കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം നിര്യാതയായ മറിയ ഹജ്ജുമ്മ പതിമൂന്ന് മക്കളുടെ ഉമ്മയും നൂറിലേറെ പേര കുട്ടികളുടെ വല്യുമ്മയും എന്ന നിലയിൽ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. പ്രദേശത്തെ ആദ്യകാല വ്യാപാര പ്രമുഖനായിരുന്ന കെ. പി. ചെറിയ അഹമ്മദ് സാഹിബിന്റെ ഭാര്യയായിരുന്ന അവർ അഞ്ച് ആൺമക്കൾക്കും എട്ട് പെൺമക്കൾക്കും ജന്മംനൽകി. സുബൈർ, സൈദ്, സ്വാലിഹ്, സാദിഖ്, ഇദ്രീസ് എന്നിവരാണ് ആൺമക്കൾ. പെൺമക്കൾ സുബൈദ, സൗദ,നസീമ, സഫിയ, ഹഫ്സ, സാഹിദ,റഹ്മത്ത്, സജിന എന്നിവരും. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളും അടക്കം നൂറ്റി ഇരുപത്തിയഞ്ച് അംഗങ്ങളടങ്ങിയ വലിയ കുടുംബത്തിൻറെ ആശയും ആശ്രയവും ആയിരുന്നു മറിയ ഹജ്ജുമ്മ. ഇത്രയധികം അംഗങ്ങൾ അടങ്ങിയ കുടുംബത്തിന്റെ നാഥയാവുക എന്നത് അപൂർ ബഹുമതിയാണ്.
ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലും
നാട്ടിൽ ദാരിദ്ര്യം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത്
അഗതികൾക്കും അശരണർക്കും മറിയം ഹജ്ജുമ്മ അത്താണിയായി. പാവപ്പെട്ടവർക്ക്
കഞ്ഞിവെച്ച് നൽകുക അവരുടെ പതിവായിരുന്നു.
അവർ ആദ്യം താമസിച്ചിരുന്ന പറമ്പത്ത് കാവ് ദേശത്ത് പെരുന്നാളിന് ആദ്യമായി നെയ്ച്ചോറ് വെച്ച വീട് ഇവരുടേതായിരുന്നു എന്ന് പഴമക്കാർ ഓർക്കുന്നു. അതേപോലെ കൊടുവള്ളിയിൽ ഇദംപ്രഥമമായി ബിരിയാണി വെച്ചതിൻറെ ക്രെഡിറ്റും പാചകകലയിൽ നിപുണനായിരുന്ന മറിയ ഹജ്ജുമ്മക്കുള്ളതാണ്. അവർ ആദ്യമായി ബിരിയാണി ഉണ്ടാക്കിയപ്പോൾ അത് കാണാൻ ധാരാളം ആളുകൾ അവരുടെ വീട്ടിൽ വരികയുണ്ടായി. വലിയ കൗതുകമാണ് ആളുകളിൽ അതുണ്ടാക്കിയത്. അയൽക്കാരുടെയും ബന്ധുക്കളുടെയും ഭർത്താവിൻറെ സുഹൃത്തുക്കളുടെയും ആദരവ് നേടിയ അവർ സ്നേഹമസൃണമായ പെരുമാറ്റത്തിന് ഉടമയായിരുന്നു. നർമ്മം കലർന്നതായിരുന്നു അവരുടെ സംസാരം. അടുത്തറിയുന്നവർക്കെല്ലാം ഏറെ പ്രിയപ്പെട്ടവരായിരുന്ന മറിയ ഹജ്ജുമ്മയുടെ വിയോഗം എല്ലാവരുടെയും ഹൃദയത്തിൽ വിഷാദ ത്തിൻറെ കരിനിഴൽ വീഴ്ത്തി. എം.എൽ.എ. കാരാട്ട് റസാഖ്, മുൻ എം.എൽ.എ. യു.സി. രാമൻ, ജമാഅത്തെ ഇസ്ലാമി മേഖല പ്രസിഡന്റ് വി.പി. ബഷീർ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ, കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എ.പി. മജീദ്, കോതൂർ മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. കൊടുവള്ളി കാട്ടിൽ ജുമാമസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിൽ വൻജനാവലിയാണ് പങ്കെടുത്തത്.