രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഭാരത് ജോഡോ യാത്ര ഉദ്ഘാടനം ചെയ്യുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുന്നത്.ഇന്ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച മണ്ണില്‍ ആദ്യമായി എത്തിയ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.
രാഹുല്‍ഗാന്ധി ചൊവ്വാഴ്ച രാത്രിയിലാണ് ചെന്നൈയിലെത്തിയത്. ഇവിടെനിന്ന് ബുധനാഴ്ച രാവിലെ 6.45-ന് ശ്രീപെരുംപുത്തൂരില്‍ എത്തി. രാജീവ് ഗാന്ധി മരിച്ചുവീണ സ്ഥലത്തും അവിടെയുള്ള സ്മൃതിമണ്ഡപത്തിലും പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
പ്രമുഖ സംഗീതജ്ഞ വീണ ഗായത്രിയുടെ നേതൃത്വത്തിലുള്ള സംഗീതാഞ്ജലിയിലും രാഹുല്‍ പങ്കെടുക്കും. സ്മൃതിമണ്ഡപവളപ്പില്‍ ആല്‍മരത്തൈ നട്ടു. സ്മാരകത്തിലെ ജീവനക്കാരുമായും രാജീവ് ഗാന്ധിക്കൊപ്പം സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തും.
അതിനുശേഷം ചെന്നൈയില്‍ തിരിച്ചെത്തുന്ന രാഹുല്‍ പിന്നീട് ഭാരത് ജോഡോ യാത്രയ്ക്കായി കന്യാകുമാരിയിലേക്ക് പോകും.അതേസമയം വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് രാഹുൽ ഗാന്ധി. എന്നാൽ നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും ഒരുമിച്ച് വെല്ലുവിളികളെ മറികടക്കാൻ ആകുമെന്നും രാഹുൽ ട്വിറ്ററില്‍ കുറിച്ചു. രാജീവ് ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരിലെത്തി പ്രാര്‍ത്ഥന നടത്തിയ ചിത്രം പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.