കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാ നുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായാണ് കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ് മീറ്റിംഗ് ഹാളില്‍ അദാലത്ത് നടത്തിയത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സൗജന്യ നിരാമയ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആധാര്‍ ലഭിക്കാത്ത കിടപ്പിലായ രണ്ട് കുട്ടികള്‍ക്ക് അവരുടെ വീട്ടില്‍ ചെന്ന് ലഭ്യമാക്കാന്‍ അക്ഷയകേന്ദ്രവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റിനുള്ള 51 അപേക്ഷ വന്നതില്‍ നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതിക്ക് പരിഗണിക്കാന്‍ കഴിയുന്ന 46 എണ്ണമാണ് അദാലത്തില്‍ പരിഗണിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ബാക്കിയുള്ള 5 അപേക്ഷകള്‍ എന്‍.ടി പരിധിയില്‍ വരാത്തതിനാല്‍ നിരസിച്ചു. മറ്റു പരാതികളിള്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് അസി. സെക്രട്ടറിയോടും വില്ലേജ് ഓഫീസറോടും നിര്‍ദ്ദേശിച്ചു. പൊതുവിതരണം, ലൈഫ് പദ്ധതി, തുടങ്ങിയ പരാതികളും അദാലത്തില്‍ പരിഗണിച്ചു.
ജില്ലാ കളക്ടര്‍ സാംബശിവറാവു, കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മജ, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ പി. സിക്കന്തര്‍, മെമ്പര്‍ ഡോ. പി.ഡി. ബെന്നി, അഡി. ഡി.എം.ഒ ഡോ. രവികുമാര്‍, പഞ്ചായത്ത് സെക്രട്ടറി ദീപു രാജ്, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖം മിനുക്കാനൊരുങ്ങി കൊയിലാണ്ടി
നഗരസഭാ വ്യപാര സമുച്ചയം
കൊയിലാണ്ടിയില്‍ അഞ്ച് നിലകളിലായി നിര്‍മ്മിക്കുന്ന പുതിയ ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് സെപ്തംബര്‍ എട്ടിന് തുടക്കമാവും. 40 വര്‍ഷം മുന്‍പ് പണിത പഴയ കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല കോഴിക്കോട് എന്‍.ഐ.ടി യെയാണ് നഗരസഭ ചുമതലപ്പെടുത്തിയത്.
അഞ്ച് നിലകളിലായി 5966 സ്‌ക്വയര്‍ മീറ്ററില്‍ 20 കോടി രൂപ പ്രതീക്ഷിത ചെലവില്‍ 54 കടമുറികള്‍, ആര്‍ട് ഗാലറി, വിശാലമായ ഓഫീസ് സൗകര്യം, എക്സിബിഷന്‍ ഏരിയ, ആംഫി തിയേറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, വിശാലമായ കയറ്റിറക്ക് ഏരിയ, 2800 സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ അഞ്ച് നിലകളിലും ശുചി മുറികള്‍, 100 കാറുകള്‍, ബൈക്കുകള്‍ എന്നിവയ്ക്കുള്ള വിശാലമായ പാര്‍ക്കിംഗ് ഏരിയ എന്നിവയാണ് ഒരുക്കിയെടുക്കുന്നത്.
സാമ്പത്തികമായി പ്രയാസപ്പെടുന്ന കൊയിലാണ്ടി നഗരസഭയ്ക്കു പ്രതിവര്‍ഷം ഒരു കോടി രൂപ അധിക വരുമാനവും 20 കോടി രൂപ നിക്ഷേപവും നഗരസഭ ഇതുവഴി ലക്ഷ്യമിടുന്നു. ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലയിടല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടത്തി കഴിഞ്ഞു. കെ.യു.ആര്‍.ഡി.എഫ്.സിയെന്ന സംസ്ഥാന സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമാണ് ഫണ്ട് ലഭ്യമാക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അറിയിച്ചു.
ഈ മാസം എട്ടിന് പഴയ ബസ്സ്റ്റാന്റ് കെട്ടിടം പൊളിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നിലവില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തി ആളുകള കയറ്റുന്ന ബസ്സുകള്‍, നിലവിലുള്ള ബസ് ബേയിലൂടെ ഫ്ളൈ ഓവര്‍ ഭാഗത്തേക്ക് വന്ന് ടൗണ്‍ ഹാളിന് മുന്നിലൂടെ പുതിയ ബസ് സ്റ്റാന്റില്‍ കയറി ഹൈവേയിലേക്ക് ഇറങ്ങുന്നതിനും പഴയ ബസ് സ്റ്റാന്റിലെ ഓട്ടോ പാര്‍ക്കിംഗ് അവിടെ നിന്നും ഒഴിവാക്കുന്നതിനും കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് അഡൈ്വസറി സമിതി തീരുമാനിച്ചിട്ടുണ്ട്.
അപേക്ഷ ക്ഷണിച്ചു
ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട്് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ.്എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുളള ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് മുന്‍ഗണന. അപേക്ഷാ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, കൊയിലാണ്ടി, വടകര ബേപ്പൂര്‍ എന്നീ മത്സ്യഭവനുകള്‍ എന്നി വിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സപ്തംബര്‍ 20 ന് അഞ്ച് മണിക്ക് മുമ്പായി വടകര, കൊയിലാണ്ടി, ബേപ്പൂര്‍ എന്നീ മത്സ്യഭവനുകള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റഹില്‍, എന്നിവിടങ്ങളില്‍ സ്വീകരിക്കും. ഫോണ്‍ 0495 2383780.
പ്ലാനിങ്ങ് അസിസ്റ്റന്റ് : കരാര്‍ നിയമനം
ജില്ലയിലെ വിവിധ മാസ്റ്റര്‍പ്ലാനുകളും വിദഗ്ധ നഗരാസൂത്രണ പദ്ധതികളും തയ്യാറാക്കുന്നതിനായി പ്ലാനിങ്ങ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ബി.ടെക്, സിവില്‍, ബി.ആര്‍ക്ക്, ബി.പ്ലാനിങ്ങ്, ഡിഗ്രി ഇന്‍ ആര്‍ക്കിടെക്ച്ചറല്‍ എന്‍ജീനീയറിംഗ് എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ജി.ഐ.എസ് പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന. സെപ്തംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം tcpdkkd@gmail.com എന്ന വിലാസത്തിലോ, ടൗണ്‍പ്ലാനര്‍, മേഖലാനഗരാസൂത്രണകാര്യാലയം, ചക്കോരത്തുകുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് എന്ന വിലാസത്തിലോ അപേക്ഷിക്കാം. ഫോണ്‍ – 0495 2369300.