കാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം.എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്ന് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുയർന്നു.അടൂരിൽ ചിറ്റയത്തെ തോൽപ്പിക്കാൻ സിപിഐഎമിലെ ഒരു വിഭാഗം ശ്രമിച്ചു. അതാണ് ഭൂരിപക്ഷം കുറഞ്ഞത് എന്നും സിപിഐ തുറന്നടിച്ചു.സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നതെന്നും തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. തെറ്റുകൾ ആണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണെന്നാണ് പ്രതിനിധികളുയര്‍ത്തുന്ന ചോദ്യം.
സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട്. കേരളാ കോൺഗ്രസുമായി ചേർന്ന് സിപിഎം സിപിഐയെ ഒതുക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് സിൽവർ ലൈൻ നടപ്പിലാക്കാൻ ശ്രമിച്ചത് തിരിച്ചടിയായി എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
സിപിഎം മന്ത്രിമാരിൽ ചിലർ ബൂർഷാ പാർട്ടിയുടെ മന്ത്രിമാരെ പോലെ പെരുമാറുന്നു. എല്‍ഡിഎഫിന്റെ മാതൃകാ പദ്ധതി എച്ച്എന്‍എല്‍ വ്യവസായ മന്ത്രി ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നു എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിപിഐ പത്തനംതിട്ട സമ്മേളനത്തിലും നേതാക്കള്‍ക്കും സിപിഎമ്മിനും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.