പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാനുള്ള പദ്ധതിയുമായി കേരള പൊലീസ്. നിലവില്‍ തോക്ക് ലൈസന്‍സുള്ളവര്‍ക്കും അതിനായി അപേക്ഷിച്ചവര്‍ക്കുമാണ് പരിശീലനം നല്‍കുക. എ.ആര്‍. ക്യാമ്പുകളിലാണ് പരിശീലനം. നിശ്ചിതഫീസ് ഈടാക്കിയാകും പരിശീലനം നല്‍കുക. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡി.ജി.പി. അനില്‍കാന്താണ് വിഷയത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്.
നിലവില്‍ കേരള പൊലീസിലുള്ളവര്‍ക്ക് മാത്രമാണ് ആയുധ പരിശീലനം നല്‍കുന്നത്. എന്നാല്‍ സ്വയരക്ഷക്കായി ലൈസന്‍സെടുത്ത് തോക്ക് വാങ്ങുന്ന പലര്‍ക്കും അത് എങ്ങിനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് പരിശലീനം ലഭിക്കാനുള്ള സംവിധാനമില്ല. ഹൈക്കോടതിയ സമീപിച്ച് ചിലര്‍ ഇക്കാര്യത്തില്‍ പരിഹാര നിര്‍ദ്ദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസ് ആയുധ പരിശീലനത്തിന് സൗകര്യമൊരുക്കാന്‍ തയ്യാറായത്.
1000 മുതല്‍ 5000 രൂപ വരെയാണ് പരിശീലന ഫീസായി പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ആയുധങ്ങളെക്കുറിച്ച് മനസിലാക്കാനും പരിചയപ്പെടാനും 1000 രൂപ ഫീസടച്ചാല്‍ മതിയാകും. അതേസമയം, ഫയറിംഗ് പരിശീലനം പോലെയുള്ള കാര്യങ്ങള്‍ക്ക് ഫീസ് കൂടും. വിവിധ ബറ്റാലിയനുകളില്‍ വച്ചായിരിക്കും പരിശീലനം നല്‍കുക.
ഇതിനു വേണ്ടി പ്രത്യേകപാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അത് അനുസരിച്ചാകും പരിശീലനകാലാവധി, ഏതൊക്കെ തോക്കുകളില്‍ പരിശീലനം നല്‍കണം തുടങ്ങിയ വിവരങ്ങള്‍ തീരുമാനിക്കുക.