Entertainment Kerala News

വേഷ- ശബ്ദ അനുകരണത്തിലൂടെ സുരാജ് വെഞ്ഞാറമൂടിനെയും മല്ലിക സുകുമാരനെയും അത്ഭുതപെടുത്തിയ കൊടുവള്ളിയുടെ അഭിമാനം : ഷിനൂബ് പറയുന്നു അബിക്ക എന്റെ റോൾ മോഡൽ

12 മിനുട്ടിൽ 8 സിനിമ താരങ്ങളുടെ വേഷ പകർച്ച, നിരവധി പ്രമുഖ താരങ്ങളുടെ ശബ്‌ദ അനുകരണം, സ്റ്റേജ് അവതാരകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്,നാടക നടൻ, ടീവി പ്രോഗ്രാമിലൂടെ നടൻ സുരാജ് വെഞ്ഞാറന്മൂടിനെയും, നടി മല്ലിക സുകുമാരനെയും അത്ഭുതപെടുത്തിയ വ്യക്തിത്വം. ഇങ്ങനെ നിരവധി വിശേഷങ്ങൾക്കുടമയായ തൃശൂർ കലാ കൈരളി അവതരിപ്പിക്കുന്ന ഫൈവ് സ്റ്റാർ കോമഡി ഷോയുടെ നെടും തൂൺ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിനൂബുമായി കുന്ദമംഗലം ന്യൂസ് ഡോട് കോം നടത്തിയ അഭിമുഖം.

എങ്ങനെയായിരുന്നു കലാരംഗത്തെ തുടക്കം ?

ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് തന്നെ അന്നത്തെ ഏറ്റവും അധികം ജന ശ്രദ്ധ നേടിയിരുന്ന കൊച്ചിൻ കലാഭവന്റെ കാസറ്റുകൾ കാണുമായിരുന്നു. അത് കണ്ട ശേഷം അനുകരണ കലയോട് വലിയ ഇഷ്ടം തോന്നി. അതിൽ നിന്നും മമ്മൂട്ടി,മോഹൻ ലാൽ,ഇന്ദ്രൻസ്,പ്രേംനസീർ എന്നിവരുടെ ശബ്ധ അനുകരണങ്ങൾ കണ്ട് അത് പിന്തുടരുകയും ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പിന്നെ ലാലു അലക്സിന്റെ ശബ്ദം അനുകരിച്ചു. അത് വലിയൊരു മാറ്റം തന്നെ ജീവിതത്തിൽ വരുത്തി. നാട്ടിലെ കുറേ ചേട്ടന്മാർ അക്കാലത്ത് ഒരു ട്രൂപ്പ് നടത്തി പോന്നിരുന്നു. അവർക്കൊപ്പം എന്നെയും ചേർത്തു. അങ്ങനെ നാട്ടും പുറത്തെ സ്റ്റേജ് പരിപാടികളിൽ എന്റെ വൺ മാൻ ഷോകൾ ചെയ്തു തുടങ്ങി. പിന്നീട് കൊടുവള്ളി ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് നാടക രംഗത്ത് സജീവമായിരുന്നു. പഠിക്കുമ്പോൾ തന്നെ നിരവധി നാടകത്തിൽ അഭിനയിച്ചു. രണ്ടു മൂന്നു തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. പഠിക്കുന്ന കാലത്ത് തന്നെ നാടക പരിശീലകനായും പ്രവർത്തിച്ചു. ഇതാണ് എന്റെ തുടക്കം.

മഴവിൽ മനോരമയുടെ പരിപാടിയിലൂടെ നടൻ സുരാജ് വെഞ്ഞാറൻ മൂടിന്റെയും, നടി മല്ലിക സുകുമാരന്റെയും അഭിനന്ദനത്തിന് അർഹനായപ്പോൾ എന്ത് തോന്നി ?

സത്യം പറഞ്ഞാൽ വലിയ സന്തോഷമായി. നമ്മളൊക്കെ ആരാധിക്കുന്ന ആളുകൾ അംഗീകരിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. തകർപ്പൻ കോമഡിയിൽ ഞാൻ നടന്മാരെ ഫിഗറും ശബ്ദവും അനുകരിച്ച സമയം സുരാജേട്ടൻ നല്ല അഭിപ്രായം നൽകുകയും ആസ്വദിക്കുകയും ചെയ്തു. അതോടൊപ്പം അദ്ദേഹം അനുകരിക്കുന്ന രീതിയിൽ നടൻ നരേന്ദ്ര പ്രസാദിനെ ഞാൻ ചെയ്തു കാണിച്ചപ്പോൾ കയ്യടിയോടെ അദ്ദേഹം സ്വീകരിക്കുകയും എനിക്കൊപ്പം വന്ന് നടന്റെ ശബ്ദം അനുകരിച്ച് കാണിച്ചതും ഏറെ സന്തോഷം നൽകി.

ഇതിനു ശേഷം ഒരിക്കൽ എനിക്കൊരു കോൾ വരുന്നു. തകർപ്പൻ കോമഡി പ്രോഗ്രാം കോർഡിനേറ്ററായ ഫിറോസ്‌ ഇക്ക ഉടനെ നടൻ സുകുമാരനെ അനുകരിക്കാനുള്ള വസ്ത്രമെല്ലാമെടുത്ത് ഒന്ന് ചാനൽ സ്റ്റുഡിയോയിലേക്ക് എത്തണം പരിപാടി അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാനെത്തി. പ്രോഗ്രാം തുടങ്ങാൻ നേരമാണ് പറയുന്നത് ഇന്ന് അതിഥിയായി ചാനലിൽ ഉള്ളത് സുകുമാരൻ സാറിന്റെ ഭാര്യ നടി മല്ലിക സുകുമാരനാണെന്നു. അപ്പൊ തന്നെ ഞാൻ പകുതിയായി. അവർ എങ്ങനെ എന്റെ അവതരണത്തെ കാണുമെന്നത് പറയാൻ പറ്റില്ലാലോ. അവഹേളിച്ചു എന്ന് പറഞ്ഞു കൊണ്ട് സ്റ്റുഡിയോയിൽ നിന്നും പൊട്ടിത്തെറിക്കാം. അങ്ങനെയും ഉണ്ടായ സംഭവങ്ങൾ ഉണ്ടല്ലോ. മിമിക്രി എല്ലാവരും ആസ്വദിച്ചോണമെന്നില്ല. ചാനലിന്റെ റേറ്റിംഗിന് വേണ്ടി ചിലപ്പോൾ ആ വീഡിയോ പുറത്ത് വിടുകയും ചെയ്തേക്കാം . ഇതൊക്കെ ഞാൻ ഒരു നിമിഷം ഓർത്തു പോയി. അങ്ങനെ രണ്ടും കൽപ്പിച്ച് പരിപാടി അവതരിപ്പിച്ചു.ഒരു ഗാനത്തിനുള്ള സുകുമാരൻ സാറിന്റെ നൃത്തമായിരുന്നു ഞാൻ ചെയ്തത്. ചെയ്തു തുടങ്ങിയതും എന്റെ എല്ലാ ആശങ്കയും മാറി. കാരണം ആ പരിപാടി ഏറ്റവും നന്നായി ആസ്വദിച്ചത് മാഡം തന്നെയായിരുന്നു. പ്രോഗ്രാമിന് ശേഷം സാറിനെ കയ്യൊതുക്കത്തോടെ ചെയ്‌തെന്ന് ചേച്ചി തന്നെ പറഞ്ഞപ്പോ സമാധാനവും സന്തോഷവുമായിരുന്നു. പിന്നെ അല്പം സംസാരിച്ച് ഒരു സെൽഫിയും എടുത്താണ് പിരിഞ്ഞത്.

ടി വി ഷോകളിലെ പ്രകടനം ജീവിതത്തിൽ വരുത്തിയ മാറ്റം ?

വലിയ രീതിയിൽ ജീവിതം മാറ്റി മറിച്ചത് ടി വി ഷോകളിൽ എനിക്ക് പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ കഴിഞ്ഞതു കൊണ്ടാണ്. മീഡിയ വണിന്റെ മിമിക്സ് പരേഡ് ഗൾഫ് റിയാലിറ്റി ഷോയിലൂടെ പങ്കെടുക്കാനും പ്രൈസ് മണി നേടാനും സാധിച്ചു. അത് കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്നില്ല. ഏഷ്യാനെറ്റ് ഹ്യൂമറസ് ടോക്ക് ഷോയിൽ പങ്കാളിയായി. പിന്നെ ഫ്‌ളവേഴ്‌സ് ടി വിയുടെ കോമഡി ഉത്സവത്തിൽ എത്തിപ്പെടുന്നത്. അത് ജനങ്ങൾക്കിടയിൽ എന്നെ അറിയപ്പെടാൻ കാരണമായി. പിന്നീട് തകർപ്പൻ കോമഡിയെന്ന മഴവിൽ മനോരമയുടെ പരിപാടിയിൽ പങ്കെടുക്കുകയും ഒരുപാട് പ്രശംസകളും ലഭിച്ചു. അത് വലിയൊരു വഴിതിരിവ് തന്നെയായി.

റോൾ മോഡലായി കാണുന്ന വ്യക്തി?

ഞാൻ റോൾ മോഡലായി കാണുന്ന വ്യക്തി മരിച്ചു പോയ നടനും മിമിക്രി താരവുമായ കലാഭവൻ അബീക്കയാണ്. അദ്ദേഹം മരിക്കുന്നതിന് കുറച്ച് കാലം മുൻപ് തൊടുപുഴയിൽ വെച്ചുള്ള സാഗർ റിയാസ് അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു സ്റ്റേജ് പ്രോഗ്രാമുണ്ടായിരുന്നു. അതിൽ മലയാളത്തിലെ പ്രമുഖരായ നടൻ ദിലീപ്, സംവിധായകൻ നാദിർഷ, നടൻ ടിനി ടോം, തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. ആ പ്രോഗ്രാമിന്റെ ഡയറക്ടർ അബീക്കയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ വലം കൈയായി പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. കൂടുതൽ അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റവും കലയോടുള്ള അർപ്പണ ബോധവും വല്ലാതെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ ഏറെ ദുഃഖം തോന്നിയിരുന്നു. മലയാള സിനിമ, മിമിക്രി മേഖലയുടെ തീരാ നഷ്ടമാണ് അബീക്ക. അദ്ദേഹമാണ് എന്റെ റോൾ മോഡൽ.

ഇതു വരെ ഉള്ള സ്റ്റേജ് ഷോക്കിടെ ഉണ്ടായ അനുഭവങ്ങളിൽ എന്നും ഓർക്കുന്നൊരു സംഭവം ?

ഒരു ഷോയുടെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിൽ പോവുകയുണ്ടായി. അവിടെ ഞങ്ങളുടെ പ്രോഗ്രാം ഉണ്ടായിരുന്നു. അന്ന് ഞാൻ അവതാരകനും കൂടിയാണ്. അവിടെ വന്ന വിശിഷ്‌ട വ്യക്തി സിനിമ താരം ധർമജൻ ബോൾഗാട്ടിയുടെ കൂടെ എത്തേണ്ടിയിരുന്ന പ്രമുഖ സംവിധായകനും മിമിക്രി താരവുമായ രമേശ് പിഷാരടിയ്ക്ക് അന്നെത്തിപെടാൻ സാധിച്ചില്ല. അദ്ദേഹത്തിന് പകരം ധർമജൻ ബോൾഗാട്ടിക്കൊപ്പം പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചത് എനിക്കാണ്. എന്റെ കലാ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവം അതാണ്. ഒരു മിമിക്രി കലാകാരന് ലഭിക്കുന്ന അംഗീകരമായി ഞാൻ അതിനെ കാണുന്നു.

സ്റ്റേജിലെ അവതരണ പഠനത്തിന് സഹായിച്ച വ്യക്തികൾ ആരെങ്കിലും ഉണ്ടോ ?

തീർച്ചയായിട്ടും. ഒരു പ്രൊഫഷണൽ സ്റ്റേജിൽ എങ്ങനെ നിൽക്കണം, പെരുമാറണം എന്നൊക്കെ ഉള്ളൊരു ബാലപാഠം എനിക്ക് പകർന്നത് കോഴിക്കോട്ടുള്ള മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ പ്രദീപ് ലാലാണ്. അദ്ദേഹവുമായുള്ള സൗഹൃദ സംഭാഷണങ്ങൾ സ്റ്റേജിൽ എനിക്ക് പിന്നീട് ഒരുപാട് ഗുണങ്ങൾ ചെയ്തിട്ടുണ്ട്

കലാരംഗത്ത് സ്വാധീനിച്ച വ്യക്തി ?

കലാരംഗത്ത് എന്നെ സ്വാധീനിച്ചത് ഒരു വ്യക്തി മാത്രമല്ല. വ്യക്തികളാണ്. ഞാൻ ഈ രംഗത്തേക്ക് വരാനുണ്ടായ കാരണക്കാർ നേരത്തെ ഞാൻ സൂചിപ്പിച്ച മിമിക്സ് ട്രൂപ്പിലെ സഹോദരങ്ങളാണ്. അവരാണ് എന്നെ സ്റ്റേജിലെത്തിച്ചത്. അന്നത്തെ ആ ട്രൂപ്പിലുണ്ടായിരുന്ന വ്യക്തികളാണ് എന്നെ കലാരംഗത്ത് സ്വാധീനിച്ചത്.

ഒരു കലാകാരൻ എന്ന നിലയ്ക്ക് ഇതുവരെ നടത്തിയ പഠനം?

ഞാൻ എന്നും പഠനം നടത്താൻ ആഗ്രഹിക്കുന്ന ആളാണ്. ഒരു കലാകാരന് ഏറ്റവും അധികം വേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നത് നിരീക്ഷണവും, പരിശ്രമവും, പഠനവുമാണ്. പ്രത്യേകിച്ച് മിമിക്രി കലാകാരന്മാർക്ക്. ഈ ലോക്ക് ഡൗൺ കാലത്ത് ഞാനിപ്പോഴും പുതിയത് എന്ത് ചെയ്യാമെന്ന ആലോചനയിലാണ്. എന്നും റിഹേഴ്‌സൽ ഉണ്ടാവും. വീട് വലിയൊരു ബംഗ്ലാവ് അല്ലാത്തോണ്ട് ഞാൻ പരിശീലനത്തിനായി നാട്ടിൽ ഒരു റൂം വാടകയ്ക്ക് എടുത്തിട്ടുണ്ട്. അവിടെ വെച്ചാണ് എന്റെ കലാപരിപാടി. ഇപ്പോഴും നാട്ടിൻ പുറത്ത് ഒരു നേഴ്‌സറി വാർഷികമാണെങ്കിലും ഞാൻ കാണാൻ പോകും. ഇന്നും അത് ആസ്വദിക്കാൻ പറ്റുന്നുണ്ട്. അതിൽ നിന്നും പഠിക്കാനും.

ഇന്ന് മലയാള സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന പല പ്രമുഖരും മിമിക്രിയിൽ നിന്നും എത്തിയവരാണ്. താങ്കൾക്കും സിനിമ ഒരു സ്വപ്നമാണോ ?

എനിക്ക് കഴിഞ്ഞ രണ്ടു വർഷം മുൻപ് സിനിമയോട് അത്ര ഭ്രമമില്ലായിരുന്നു. പിന്നെ എപ്പോഴോ ഇഷ്ടപ്പെട്ടു തുടങ്ങി. അഭിനയത്തിൽ കൂടുതൽ മെച്ചപ്പെടാൻ പരിശ്രമങ്ങളും ചെയ്തു തുടങ്ങി. സിനിമയിൽ വരണം എന്നുണ്ട് ഒപ്പം സ്റ്റേജ് ചെയ്യണമെന്നും . എന്നാലും സ്റ്റേജ് തന്നെയാണ് എന്തിനേക്കാളും എനിക്ക് പ്രിയം.

വേഷ പകർച്ച ചെയ്യുന്നതിൽ ഏറ്റവും ഇഷ്ടപെട്ട താരം ? എങ്ങനെ തുടക്കം ?

ഞാൻ ചെയ്യുന്നതിൽ എനിക്ക് ഇഷ്ടപെട്ട താരം റിസബാബയാണ്. ജോൺ ഹോനായി ആയി വേദിയിൽ എത്തുമ്പോൾ സ്വീകാര്യത ലഭിക്കാറുണ്ട്. ചെയ്യുമ്പോൾ എനിക്കും ഒരു ഹരമാണ്. ഫിഗർ ചെയ്യാൻ തുടങ്ങിയത്. സ്കിറ്റ് കളിക്കുമ്പോൾ സുകുമാരന്റെ ലുക്ക് ഉണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു അങ്ങനെയാണ് ഞാൻ അതൊന്നു പരീക്ഷിച്ച് തുടങ്ങിയത്. പിന്നീട് മീശയെടുത്ത് റിസബാബയെ അനുകരിക്കാൻ പറ്റുമെന്ന് തോന്നി അങ്ങനെ ആ വേഷത്തിൽ ഒരു ഫോട്ടോ എടുത്ത് മുഖപുസ്തകത്തിൽ ഇട്ടു. അതിനു നല്ല പ്രതികരണങ്ങളുണ്ടായി അങ്ങനെയാണ് സിനിമ താരങ്ങളുടെ വേഷ പകർച്ച ആരംഭിച്ചത്. ആദ്യ പരീക്ഷണം ടെലിവിഷൻ ഷോയിൽ ആയിരുന്നു. അത് വിജയം കണ്ടു. ഇപ്പോൾ ഒരേസമയം 12 മിനുട്ടിൽ 8 പേരുടെ വേഷ പകർച്ച ചെയ്യാൻ സാധിക്കുന്നുണ്ട്.വിൻസെന്റ്,സുകുമാരൻ,റിസബാബ,ലാലേട്ടൻ,ജഗതിശ്രീകുമാർ, നിർമ്മൽ പാലാഴി, പൂജപ്പുര രവി, ഡിസ്കോ ഡാൻസർ രവീന്ദ്രൻ, സായി കുമാർ, ഇപ്പൊ സുരാജ് വെഞ്ഞാറന്മൂടിന്റെ വേഷവും ചെയ്യാനുള്ള പരിശ്രമത്തിലാണ്.

ഇതുവരെയുള്ള കലാ ജീവിതത്തിൽ ലഭിച്ച നേട്ടം ?

നേട്ടമെന്ന് പറയുന്നത് ഒരു ചെറിയ ഗ്രാമത്തിൽ താമസിക്കുന്ന ഷിനൂബെന്ന എന്നെ ഒരു ആർട്ടിസ്റ്റായി ആളുകൾ കാണാനും അംഗീകരിക്കാനും തുടങ്ങിയെന്നത് തന്നെയാണ്. പിന്നെ ഈ മിമിക്രി കളിച്ചാണ് ഞാൻ വീട്ടിലേക്കുള്ള ചിലവുകൾ ചെയ്യുന്നത്. രണ്ടു സഹോദരിമാരുടെ വിവാഹത്തിന് സഹായമാകാനും എനിക്ക് ചിലവിനാവിശ്യമായ തുക കണ്ടെത്താനും സാധിച്ചത് കഴിഞ്ഞ കുറച്ചു വർഷമായി നടത്തി പോരുന്ന സ്റ്റേജ് പ്രോഗ്രാം കൊണ്ട് തന്നെയാണ്. ഇതൊക്കെ തന്നെയാണ് നേട്ടമായി കാണുന്നത്.

കുടുംബത്തിലെയും നാട്ടിലെയും പിന്തുണ?

കുടുംബത്തിൽ ഞങ്ങൾ അഞ്ചു മക്കളാണ് അഞ്ചാമനായി വന്ന ഞാൻ മാത്രമാണ് മക്കളിൽ ഒരു ആൺ തരി. ചെറുപ്പത്തിലേ വീട്ടുകാർക്ക് പേടിയായിരുന്നു. കലാകാരന്മാർക്ക് വരുമാനം ഒന്നും ഇല്ലാതെ നശിച്ച് ജീവിക്കുന്നവരാണ് എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അവർക്ക് പിന്നീട് അത് മാറി. എന്റെ ജീവിതത്തിലൂടെ തന്നെ ഞാൻ അത് തെളിയിച്ചു. നല്ല പരിപാടികൾ ജനങ്ങളിലേക്ക് എത്തിച്ചാൽ ജനം ഏറ്റെടുക്കുകയും നമുക്ക് വേണ്ട വരുമാനം ലഭ്യമാകുകയും ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്.

നാട് എനിക്ക് വലിയ സപ്പോർട്ട് ആണ് തന്നു കൊണ്ടിരിക്കുന്നത്. കൊടുവള്ളിയിലായാലും എന്റെ വീട് സ്ഥിതി ചെയ്യുന്ന ചുണ്ടപ്പുറം പ്രദേശമായാലും വലിയ രീതിയിലുള്ള പരിഗണന നൽകുന്നുണ്ട്. കൊടുവള്ളിയിലെ സ്വനം കൂട്ടായ്‌മ, നാടക പഠന കേന്ദ്രം എല്ലാം നല്ല രീതിയിലുള്ള പിന്തുണയാണ് നൽകുന്നത്. അവരാണ് എന്റെ ശക്തി.

ഭാവി ജീവിതം ?

നിലവിൽ കോവിഡ് കാലത്ത് വലിയ രീതിയിലുള്ള പ്രതിസന്ധിയുണ്ടെങ്കിലും കലാരംഗത്ത് തന്നെ മുൻപോട്ട് പോകണം എന്നാണ് കരുതുന്നത്. ഈ കാലവും കടന്നു നമ്മൾ ഉയർത്തെഴുന്നേൽക്കും. ഇതെല്ലാം രക്തത്തിൽ അലിഞ്ഞു ചേർന്ന് പോയി. സിനിമ സ്വപ്നമാണ്. പിന്നെ എന്റെ കുടുംബത്തെ നന്നായി നോക്കണം. ഒരു നല്ല വീട് വെക്കണം, അവിവാഹിതനാണ് വിവാഹം കഴിക്കണം ഇത്രയേ മുൻപോട്ടുള്ളു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!