ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് മെഹര്‍ ജഹാന്‍ എന്ന യുവതിയെ സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.
കൈകാലുകള്‍ കെട്ടിയിട്ട ശേഷം മെഹര്‍ തന്റെ നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്ന് ഭര്‍ത്താവ് മനന്‍ സെയ്ദി പറഞ്ഞു. വീട്ടിനുള്ളിലെ സിസി ടിവി ദൃശ്യങ്ങള്‍ സെയ്ദി പൊലീസിന് നല്‍കി. മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് സെയ്ദിയുടെ ശരീരഭാഗങ്ങളില്‍ പൊള്ളിക്കുന്ന ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം മെഹര്‍ ജഹാനെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു.

