തിരുവനന്തപുരം: എ.ഐ. ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളയെന്ന് രമേശ് ചെന്നിത്തല. സേഫ് കേരള പദ്ധതിയിലെ അഴിമതിയെ തെളിവ് സഹിതം തുറന്നു കാട്ടിയിട്ടും മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരേയും ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാം ആരോപണങ്ങളും തെറ്റാണെന്ന് പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി പ്രതികരിച്ചത് ഇത് വരെ കണ്ടിട്ടില്ല. ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുവെച്ചിരുന്ന രേഖകള്‍ പുറത്തുകൊണ്ടുവരുന്നതെങ്ങനെ, കെട്ടിച്ചമയ്ക്കലാകുമെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചോദിച്ചു.
പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നും കെട്ടിച്ചമച്ചിട്ടില്ല. ഈ ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന രേഖകള്‍ ഒന്നൊന്നായി പുറത്തു കൊണ്ടു വരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാവും? സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കുറച്ച് കറക്ക് കമ്പനികളെ വച്ച് നടത്തിയ വന്‍കൊള്ളയുടെ രേഖകളാണ് പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്.
അവ വസ്തുതാപരമായതിനാലാണ് മാദ്ധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും അവര്‍ സ്വന്തം നിലയില്‍ അന്വേഷിച്ച് കൂടുതല്‍ വിവരങ്ങളും രേഖകളും പുറത്തു കൊണ്ടു വരികയും ചെയ്തത്. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടത്തിയ തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തു വരുമ്പോള്‍ അവ കെട്ടിച്ചമച്ചതാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല.
പ്രതിപക്ഷവും മാധ്യമങ്ങളും പുറത്തു കൊണ്ടു വന്ന രേഖകളിന്മേല് വ്യക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. പുറത്ത് വന്ന വസ്തുതകളില്‍ ഒന്നെങ്കിലും തെറ്റാണെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ? ഇനി പുറത്തു വന്ന രേഖകള്‍ താങ്കള്‍ പറയുന്നതു പോലെ കെട്ടിച്ചമച്ചതാണെങ്കില്‍ ഒറിജിനല്‍ രേഖകള്‍ പുറത്തു വിടാന്‍ തയ്യാറാണോ എന്ന് ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.