തിരുവനന്തപുരം: ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദത്തിനാണ് മോദി കൊച്ചിയില്‍ എത്തുക. വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും.
അനിലിനും ബിജെപി വേദി ഒരുക്കിയിട്ടുണ്ട്. ‘യുവം’ എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയില്‍ ഒരു ലക്ഷം പേര് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
വ്യാഴാഴ്ചയാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.