ബാർസിലോന: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോനയിലേക്കു തിരിച്ചെത്താന്‍ സാധ്യത. പിഎസ്ജിയിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങിലെ റിപ്പോർട്ടുകൾ. സൗദി അറേബ്യൻ ക്ലബായ അൽ– ഹിലാൽ മെസ്സിക്കു മുന്നിൽ മോഹിപ്പിക്കുന്ന ഓഫർ തന്നെ വച്ചിട്ടുണ്ടെങ്കിലും സൂപ്പർ താരം അതു സ്വീകരിക്കാൻ സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ മെസ്സി തനിക്കു പ്രിയപ്പെട്ട ബാർസയിലേക്കു തന്നെ തിരിച്ചെത്തിയേക്കും.
2021ലാണ് മെസ്സി ബാർസിലോന വിട്ട് പിഎസ്ജിയിൽ ചേർന്നത്. നിലവിലെ സീസണിൽ മെസ്സിയുടെ പ്രകടനത്തിൽ പിഎസ്ജി ആരാധകർ തൃപ്തരല്ല.പല കളികളിലും മെസ്സിക്കെതിരെ ചാന്റുകളും കൂക്കിവിളികളും പിഎസ്ജി ആരാധകർ ഗാലറിയിൽ ഉയർത്തി.ഈ സാഹചര്യത്തിൽ കൂടിയാണ് പിഎസ്ജി വിടാനുള്ള മെസ്സിയുടെ തീരുമാനമെന്നാണ് വിവരം. യൂറോപ്പിൽ തന്നെ കളി തുടരാനാണു മെസ്സിക്കു താൽപര്യമെന്നതാണു ബാർസിലോനയിലേക്കുള്ള വഴി തുറക്കുന്നത്.
അതേസമയം മെസ്സിയുടെ മികവിനെ മറികടക്കാൻ പ്രധാന എതിരാളിയായ റൊണാൾഡോയും ആരാധകരും ഏറെ പാട്പെടുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്താക്കിയതിന് ശേഷം പുതിയൊരു ക്ലബിന് വേണ്ടി അലഞ്ഞ റൊണാൾഡോ ഒടുവിൽ എത്തിപ്പെട്ടത് സൗദി പ്രൊ ലീഗിലാണ്. ഏതാണ്ട് 200 മില്യൺ പ്രതിഫലകരാറിലാണ് റൊണാൾഡോ സൗദി ക്ലബായ അൽ നസ്റിലേക്ക് കൂടുമാറുന്നത്. 38 കാരനായ താരത്തിന് 200 മില്യൺ പ്രതിഫല കരാർ ലഭിച്ചത് അദ്ദേഹത്തിൻറെ ആരാധകർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാക്കുകയും ചെയ്തു.
മെസിയുടെ പ്രതിഭയെ മറികടക്കാനാണ് 38 വയസ്സായിട്ടും അദ്ദേഹത്തിന് ഇത്രയും വലിയ തുക കരാറായി ലഭിച്ചത് എന്ന കാര്യം റോണോ ആരാധകർ ഏറ്റെടുത്തത്. എന്നാലിപ്പോൾ റൊണാൾഡോയുടെ പ്രതിഫലത്തുകയുടെ ഇരട്ടിയിലേറെ തുക വാഗ്ദാനം വന്നിരിക്കുകയാണ് മെസ്സിക്ക്. റൊണാൾഡോയ്ക്ക് 200 മില്യൺ ആണെങ്കിൽ മെസ്സിക്ക് വന്നത് 200 മില്യൺ യൂറോയുടെ ഓഫറാണ്. അതായത് റോണോയെക്കാൾ ഇരട്ടി പ്രതിഫലം.