മുക്കം ∙ ഇരുവഞ്ഞി പുഴയിൽ നീർനായ്ക്കളുടെ ആക്രമണം. നീർനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായ പരിക്കേറ്റവരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. നീർനായ്ക്കൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
ചാലിയാർ പുഴകളിൽ കുളിക്കാനും അലക്കാനും നിലവിൽ സ്ത്രീകളും കുട്ടികളും ഭയപ്പെടുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ചോണാട്, കച്ചേരി കടവുകളിൽ നിന്ന് ഒട്ടേറെ പേർക്ക് നീർനായ്ക്കളുടെ കടിയേറ്റു. കച്ചേരി സ്വദേശി കെ.ടി.ഷാജിക്ക് കഴിഞ്ഞ ദിവസം നീർനായ്ക്കളുടെ കടിയേറ്റിരുന്നു. മക്കളും കുളിക്കാനെത്തിയെങ്കിലും ഭാഗ്യം മൂലം രക്ഷപ്പെട്ടു.
വനം വകുപ്പിന്റെ ദ്രുത കർമ സേന കൊടിയത്തൂർ ചെറുവാടി, കാരശ്ശേരി മേഖലകളിൽ കൂട് ഒരുക്കി വച്ചെങ്കിലും ഇവയെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം കൊടിയത്തൂർ പഞ്ചായത്തിൽ നീർനായ്ക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര പരിപാടികൾ ആവിഷ്കരിക്കാനുള്ള നീക്കത്തിലാണ് ജനങ്ങൾ.