കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശമിപ്പിക്കുന്നതിന് വെള്ളം സ്പ്രേ ചെയ്യാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ. മാലിന്യത്തിന്റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യത്തിന് ഇപ്പോഴും മാറ്റമില്ലാത്തതിനെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം. വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനില്‍ നിന്നുളള ഹെലികോപ്റ്ററുകളാണ് ഇതിനായി ഉപയോഗിക്കുക.
അതേഅസമയം തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ഇന്നും സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികള്‍, കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അവധി ആയിരിക്കും.നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

