തിരുവനന്തപുരം: ആത്മീയ തേജാസിന്റെ അത്ഭുതമായ ആറ്റുകാൽ മഹോത്സവം ഇന്ന്. രാവിലെ പത്തരയ്ക്കാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് ശേഷം 2.45 ന് നിവേദ്യം. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടാണ് മുഖ്യകർമ്മം നിർവഹിക്കുന്നത്.
അതേഅസമയം അടിയന്തര സാഹചര്യം നേരിടുന്നതിന് ക്ഷേത്രത്തിന്റെ ഹോമിയോ കോളജ്, മരുതൂർകടവ്, ബണ്ട് റോഡ് വഴി എമർജൻസി പാത സജ്ജമാക്കിയിട്ടുണ്ട്. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ളതും സമീപത്തുള്ളതുമായ റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് നിരോധനം ഏർപ്പെടുത്തി. വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എൻഎച്ച്, എംസി, എംജി റോഡുകളിലോ പാർക്ക് ചെയ്യരുത്. ഗതാഗത തടസ്സം ഉണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മുന്നറിയിപ്പ് കൂടാതെ നീക്കം ചെയുമെന്ന് പൊലീസ് അറിയിച്ചു.

