മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്. സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവാണെന്ന പ്രതിപക്ഷപരാതിയിൽ റോഷിയെ വിമർശിച്ചായിരുന്നു സ്പീക്കറുടെ റൂളിംഗ്. എപി അനിൽ കുമാറിന്റെ ക്രമ പ്രശ്നത്തിലാണ് റൂളിങ്ങ്. വെള്ളക്കരം കൂട്ടൽ സഭയിൽ തന്നെ ആയിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു. സഭ നടക്കുമ്പോൾ ഇത്തരത്തിലുള്ള ഉത്തരവുകൾ സഭയിൽ തന്നെ പ്രഖ്യാപിക്കണമെന്ന് സ്പീക്കർ വ്യക്തമാക്കി.
നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമതീരുമാനം കൈക്കൊള്ളുമ്പോള്‍ സഭാ സമ്മേളന കാലയളവിലാണെങ്കില്‍ അക്കാര്യം സഭയില്‍ തന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമാണ് സഭയ്ക്കുള്ളതെന്നു സ്പീക്കര്‍ പറഞ്ഞു. ഇതിനു മാതൃകയായി മുന്‍കാല റൂളിങ്ങുകളുണ്ട്. സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലനിന്നിരുന്ന വെള്ളക്കരം നിരക്ക് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് തികച്ചും ഒരു ഭരണപരമായ നടപടി ആണെങ്കില്‍ പോലും സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിലും സഭാസമ്മേളനത്തില്‍ ആയിരിക്കുന്ന സാഹചര്യത്തിലും ഇക്കാര്യം സഭയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് ഉത്തമമായ ഒരു മാതൃക ആയേനെ എന്നും സ്പീക്കര്‍ പറഞ്ഞു. ഭാവിയില്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.