രാജ്യത്തെ ആഭ്യന്തര 50 ഓവർ ടൂർണമെൻ്റായ വിജയ് ഹസാരെ ട്രോഫി ഈ മാസം 20 മുതൽ ആരംഭിക്കും. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിനായി താരങ്ങൾ വരുന്ന 13ആം തീയതി ബയോ ബബിളിൽ പ്രവേശിക്കണം. ഇക്കാലയളവിൽ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും മൂന്ന് തവണ കൊവിഡ് പരിശോധന നടത്തും.
സൂററ്റ്, ഇൻഡോർ, ബെംഗളൂരു, കൊൽക്കത്ത, ജയ്പൂർ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ തങ്ങളുടെ മത്സരങ്ങൾ കളിക്കും.
സയ്യിദ് മുഷ്താഖ് അലി ടി-20 ടൂർണമെൻ്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ കേരളം ഗ്രൂപ്പ് സിയിലാണ്. കർണാടക, യുപി, ഒഡീഷ, റെയിൽവേയ്സ്, ബീഹാർ എന്നീ ടീമുകൾ അടങ്ങിയ സി ഗ്രൂപ്പ് മത്സരങ്ങൾ ബെംഗളൂരുവിലാണ്. ഗ്രൂപ്പ് എയിൽ ഗുജറാത്ത്, ഛണ്ഡിഗഡ്, ഹൈദരാബാദ്, ത്രിപുര, ബറോഡ, ഗോവ എന്നീ ടീമുകൾ അണിനിരക്കും. സൂററ്റിലാവും മത്സരങ്ങൾ. തമിഴ്നാട്, പഞ്ചാബ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, വിദർഭ, ആന്ധ്രപ്രദേശ് എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ഇൻഡോറിലാണ്.
ഡൽഹി, മുംബൈ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പുതുച്ചേരി എന്നീ ടീമുകൾ ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ടിരിക്കുന്നു. ജയ്പൂരിലാണ് മത്സരങ്ങൾ. ബംഗാൾ, സർവീസസ്, ജമ്മു കശ്മീർ, സൗരാഷ്ട്ര, ഹരിയാന, ഛണ്ഡീഗഡ് എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് ഇയിലെ മത്സരങ്ങൾ കൊൽക്കത്തയിൽ നടക്കും. ഉത്തരാഖണ്ഡ്, അസം, നാഗാലാൻഡ്, മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ്, മിസോറം, സിക്കിം എന്നീ ടീമുകൾ അടങ്ങിയതാണ് പ്ലേറ്റ് ഗ്രൂപ്പ്.