മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയായ മുപ്പതുകാരനെതിരെയാണ് ഇരുപത്തിയേഴുകാരി ആസിഡ് ആക്രമണം നടത്തിയത്കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം.ഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത മലയാളി യുവാവിനെതിരെയായിരുന്നു ആക്രമണം നടത്തിയത്.തിരുവനന്തപുരം കൊടിപുരം സ്വദേശി ആര്‍. രാകേഷിന്റെ (30) മുഖത്താണ് കാഞ്ചീപുരം മീനംപാക്കത്തുനിന്നുള്ള പി. ജയന്തി (27) ആസിഡ് ഒഴിച്ചത്. രാകേഷ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരു വിവാഹം കഴിച്ചതുമാണ് പ്രകോപനത്തിന് കാരണം. രാകേഷ് 18 ലക്ഷം രൂപ വാങ്ങിച്ചെടുത്തതായും ജയന്തി പരാതി നല്‍കി.
ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി ദുബായിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ സഹപ്രവര്‍ത്തകനായിരുന്നു രാഗേഷ്. ദുബായിയില്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ജൂലൈ മാസം രാഗേഷ് സഹോദരിയുടെ വിവാഹത്തിനായി തിരികെ നാട്ടിലെത്തി. ഇയാള്‍ മൂന്നുമാസത്തിന് മുന്‍പ് വിവാഹിതനാവുകയും ചെയ്തു. വിവാഹ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല. അതിനിടെ ജയന്തി അവധിക്ക് തിരികെ ചെന്നൈയിലെത്തി. രാഗേഷ് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം യുവതി കോയമ്പത്തൂര്‍ പീലമേട്ടിലെ അപാര്‍ട്ട്മെന്‍റിലെത്തുകയായിരുന്നു. അപാര്‍ട്ട്മെന്‍റിലെത്തിയ ജയന്തി തന്നെ വിവാഹം ചെയ്യണമെന്ന് രാഗേഷിനോട് ആവശ്യപ്പെട്ടു. ഇതിനേച്ചൊല്ലി രണ്ടുപേരും തമ്മില്‍ തര്‍ക്കമായി.
ഇതിനിടയില്‍ നാട്ടില്‍ വച്ച് വിവാഹം കഴിഞ്ഞ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചു. ജയന്തിയെ വിവാഹം ചെയ്യാനാവില്ലെന്നും രാഗേഷ് വിശദമാക്കി. ഇതോടെ പ്രകോപിതയായ യുവതി രാഗേഷിനെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലുള്ള ഇരുവരുടേയും നില ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി.