തിരുവനന്തപുരം: പാലക്കാട് മുതല്‍ തിരുവനന്തപുരം വരെയുള്ള ട്രെയിനുകളില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പൊലീസ് പിടിയില്‍. അയിരൂര്‍ കൈതക്കൊടി വെള്ളുമുറിയില്‍ വീടില്‍ ഹരിലാല്‍ ആണ് പിടിയിലായത്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഹരിലാല്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ നോക്കിയാണ് പ്രതിയെ പിടികൂടിയത്. എറണാകുളം റെയില്‍വേ ഡിവൈഎസ്പി ജോര്‍ജ് ജോസഫ്, എറണാകുളം ഐആര്‍പി ക്രിസ്പിന്‍ സാം, എറണാകുളം ആര്‍പിഎസ് ഷിഹാബ് കെ എം , എസ്‌ഐ ലൈജു, എസ്സിപിഒ ദിനില്‍, ആര്‍പിഎഫ് എഎസ്‌ഐ സിജോ, കോണ്‍സ്റ്റബിള്‍ അജയ്‌ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നിരവധി സ്റ്റേഷനുകളില്‍ ഹരിലാലിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്.
ഇന്നലെ വൈകീട്ടാണ് എറണാകുളം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ടെലിഫോണ്‍ സന്ദേശം എത്തുന്നത്. ട്രെയിനുകളില്‍ ചിലതില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. എറണാകുളത്തെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച നമ്പര്‍ പരിശോധിച്ചതില്‍ നിന്നാണ് സന്ദേശം വന്ന ഫോണിന്റെ ഉടമയെ കണ്ടെത്തിയത്. പൊലീസ് ആസ്ഥാനത്തും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിരുന്നു.