
സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ ബി.ജെ.പിയുടെ വെട്രിവേല്‍ യാത്ര തമിഴ്‌നാട് പൊലീസ് തടഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാക്കളായ എച്ച്.രാജ, സി.ടി രവി, പൊന്‍ രാധാകൃഷ്ണന്‍ എന്നിവടരക്കം നൂറോളം ബി.ജെ.പി പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊവിഡ് മഹാമാരി കാലത്ത് അനുമതിയില്ലാതെ യാത്ര നടത്തിയതിനാണ് മുരുകനെയും ബി.ജെ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്രിവേല്‍ യാത്ര തടഞ്ഞ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം യാത്രയ്ക്ക് അനുമതിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഖ്യകക്ഷികളായ എ.ഐ.എ.ഡി.എം.കെ ബി.ജെ.പി പോര് ഭിന്നത മറ നീക്കി പുറത്തുവരുകയാണ്. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയാണ് യാത്ര നടത്താന്‍ ബി.ജെ.പി ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കെ യാത്ര അനുവദിക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. മാത്രമല്ല യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികവും.
ഇത് സംഘര്‍ഷത്തിനിടയാക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ എം.ജി.ആറിന്റെ ചിത്രം ഉപയോഗിക്കരുതെന്ന് എ.ഐ.എ.ഡി.എം.കെ, ബി.ജെ.പിയോട് പറഞ്ഞിരുന്നു.

